ജയ്പൂർ: ബസ് ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വയോധികനായ ഐഎഎസ് ഉദ്യോഗസ്ഥന് ബസ് കണ്ടക്ടറുടെ ക്രൂരമർദ്ദനം. പത്ത് രൂപ അധികം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്. വിരമിച്ച ഐഎഎസ് ഓഫീസറായ ആർ.എൽ മീണയ്ക്കാണ് കണ്ടക്ടറുടെ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്. രാജസ്ഥാനിലാണ് സംഭവം. ആഗ്ര റോഡിലെ കനോട്ട ബസ് സ്റ്റാൻഡിലായിരുന്നു മീണയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്. തന്റെ സ്റ്റോപ്പ് എത്തിയാൽ അറിയിക്കണമെന്ന് മീണ കണ്ടക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, കണ്ടക്ടർ അത് ചെയ്യാതിരിക്കുകയും അധിക യാത്രയ്ക്ക് 10 രൂപ അധികം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.
ആദ്യം ഇരുവരും തമ്മിൽ വലിയ വാഗ്വാദമാണ് ഉണ്ടായത്. തുടർന്ന് അധിക്ഷേപം സഹിക്കൻ വയ്യാതായതോടെ മീണയാണ് ആദ്യം കണ്ടക്ടറുടെ മുഖത്ത് അടിച്ചത്. തുടർന്ന് കണ്ടക്ടർ അതിശക്തമായി, മീണയുടെ പ്രായം പോലും നോക്കാതെ മർദ്ദിക്കുകയായിരുന്നു. ശേഷം ബസിൽ നിന്ന് ഇറക്കി വിട്ടെന്നും സഹയാത്രക്കാർ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. കണ്ടക്ടർ ഘൻശ്യാം ശർമയ്ക്കെതിരെ മീണ പോലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.