Home » Blog » kerala Mex » ഭാര്യയുടെ ആരോപണം; മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ
21

ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗാർഹിക പീഡനാരോപണത്തെത്തുടർന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ. മന്ത്രിക്കെതിരെയുള്ള പരാതി അതീവ ഗുരുതരമാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ എൽഡിഎഫ് നേതൃത്വത്തെ അറിയിച്ചു. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് മാറ്റിനിർത്തണമെന്ന കർശന നിലപാടാണ് സിപിഐ സ്വീകരിച്ചിരിക്കുന്നത്. ഇതേതുടർന്ന്, ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തും. സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ മുഖ്യമന്ത്രി, മന്ത്രിയുടെ രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

അതേസമയം, മന്ത്രിക്കെതിരെയുള്ള പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോകളിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടക്കും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം വരും ദിവസങ്ങളിൽ ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. എന്നാൽ, നിലവിൽ പുറത്തുവന്ന ആരോപണങ്ങളിൽ സ്വമേധയാ കേസെടുക്കില്ലെന്ന നിലപാടിലാണ് പോലീസ്. ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ മാത്രമേ നിയമനടപടികളുമായി മുന്നോട്ട് പോകൂ എന്ന് പോലീസ് വ്യക്തമാക്കുന്നു.

മന്ത്രിയുടെ വസതിയിൽ വാളകം പോലീസും പിങ്ക് പോലീസും എത്തിയിട്ടും നടപടിയെടുക്കാതെ മടങ്ങിയെന്ന ആരോപണത്തിൽ ഡിജിപി വിശദീകരണം തേടിയിട്ടുണ്ട്. മന്ത്രിയുടെ വസതിയിൽ നിന്ന് കൺട്രോൾ റൂമിലേക്ക് കോൾ വന്നതിനെത്തുടർന്ന് പോലീസ് എത്തി 20 മിനിറ്റോളം അവിടെ തുടർന്നുവെന്നും, എന്നാൽ കുടുംബവഴക്കായതിനാലും നേരിട്ട് പരാതി ലഭിക്കാത്തതിനാലുമാണ് കേസെടുക്കാതിരുന്നതെന്നും കൊല്ലം റൂറൽ എസ്പി വിശദീകരിച്ചു. 112-ൽ വരുന്ന എല്ലാ കോളുകളിലും കേസെടുക്കാറില്ലെന്ന സാങ്കേതിക വാദമാണ് പോലീസ് ഉയർത്തുന്നത്. എന്നിരുന്നാലും, ഒരു മന്ത്രിയുടെ വീട്ടിൽ പോലീസ് എത്തിയിട്ടും നടപടിയുണ്ടാകാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.