ബോളിവുഡിന്റെ സ്റ്റൈൽ ഐക്കൺ രൺവീർ സിങ്ങിന്റെ ആഡംബര വാഹന ശേഖരത്തിലേക്ക് പുതിയൊരു അതിഥി കൂടി. ഇറ്റാലിയൻ ലക്ഷ്വറി സ്പോർട്സ് കാർ നിർമാതാക്കളായ ഫെരാരിയുടെ ഏറ്റവും പുതിയ മോഡലായ ‘296 ജിടിബി’ ആണ് താരം സ്വന്തമാക്കിയത്. കറുപ്പ് നിറത്തിലുള്ള ഈ പുത്തൻ സൂപ്പർ കാറിൽ മുംബൈ തെരുവുകളിലൂടെ താരം ലക്കും ലഗാനുമില്ലാതെ പായുന്ന വീഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
തീയേറ്ററുകളിൽ കോടികൾ വാരിക്കൂട്ടി തരംഗമായി മാറിയ ‘ധുരന്ധർ: ദി റിവഞ്ച്’ എന്ന ചിത്രത്തിന്റെ മാസ്മരിക വിജയത്തിന് പിന്നാലെയാണ് രൺവീർ ഈ സ്വപ്ന വാഹനം ഗ്യാരേജിലെത്തിച്ചിരിക്കുന്നത്. കസ്റ്റമൈസേഷൻ ഉൾപ്പെടെ ഏകദേശം 6.36 കോടി രൂപയാണ് ഈ ആഡംബര വാഹനത്തിന്റെ വിപണി വിലയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലാമ്പോർഗിനി ഉറൂസ് പേൾ കാപ്സ്യൂൾ, മെർസിഡീസ് മെയ്ബാക്ക് GLS 600, ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് എസ്, ജിഎംസി ഹമ്മർ ഇവി തുടങ്ങി ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ഏറ്റവും മികച്ച കാർ കളക്ഷനുകളിലൊന്നാണ് രൺവീറിന്റേത്. അതിലേക്കാണ് വേഗതയുടെ ഈ പുതിയ രാജാവ് കൂടി എത്തിയിരിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി6 പ്രൊഡക്ഷൻ സ്പോർട്സ് കാറാണ് 296 ജിടിബി. മുൻകാലങ്ങളിൽ ഫെരാരിയുടെ ഡിനോ ബ്രാൻഡുകളിൽ മാത്രമായിരുന്നു വി6 എഞ്ചിനുകൾ നൽകിയിരുന്നത്. അതുകൊണ്ട് തന്നെ ‘ദ റിയൽ ഫെരാരി വിത്ത് ജസ്റ്റ് സിക്സ് സിലിണ്ടേഴ്സ്’ എന്ന വിശേഷണത്തോടെയാണ് കമ്പനി ഈ മോഡൽ വിപണിയിലെത്തിച്ചത്. 3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഇതിനൊപ്പം 6.0 കിലോവാട്ട് ബാറ്ററിയുടെ പിന്തുണയുള്ള പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും കാറിലുണ്ട്. ഇവ രണ്ടും ഒത്തുചേരുമ്പോൾ 819 ബിഎച്ച്പി പവറും 740 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. വേഗതയുടെ കാര്യത്തിൽ മുൻപന്തിയിലുള്ള ഈ സൂപ്പർ കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 2.9 സെക്കൻഡ് മാത്രം മതി. മണിക്കൂറിൽ 330 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.
സിനിമയിലെ വിജയഗാഥകൾക്കൊപ്പം തന്നെ വാഹനപ്രേമം കൊണ്ടും ആരാധകരെ ഞെട്ടിക്കുന്ന രൺവീറിന്റെ പുതിയ ഫെരാരി റൈഡ് ഇപ്പോൾ ബി-ടൗണിലെ ഏറ്റവും ചൂടേറിയ ചർച്ചാവിഷയമാണ്.
