
കൊല്ലം: സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് യുവതിയെ വിദേശത്തുവച്ച് ക്രൂരമായി മർദിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നീണ്ടകര സ്വദേശിയായ നന്ദുവിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുത്തൻതുറ സ്വദേശിനിയായ അഞ്ജുവിന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ജൂലൈ 27-നായിരുന്നു അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽത്തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയതായി അഞ്ജു നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് നന്ദു അഞ്ജുവിനെ തന്റെ ജോലിസ്ഥലമായ സൗദി അറേബ്യയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെവച്ച് പ്രഷർ കുക്കർ, ലാപ്ടോപ്പ് ചാർജർ, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ഇയാൾ യുവതിയെ നിരന്തരം മർദിച്ചതായാണ് ആരോപണം.
ക്രൂരമായ ശാരീരിക പീഡനമേറ്റ യുവതി സെപ്റ്റംബർ 30-ന് നാട്ടിൽ തിരിച്ചെത്തുകയും ദേഹമാസകലം പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ മാസം ആദ്യം അഞ്ജു പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, വിദേശത്തായിരുന്ന നന്ദുവിനെ പിടികൂടുന്നതിനായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ ഷാഡോ പൊലീസ് തടഞ്ഞുവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.
