
പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കെഎസ്ആർടിസി ബസ് സർവീസുകൾക്ക് കർശന നിയന്ത്രണങ്ങളുമായി പൊലീസ്. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് പൊലീസിന്റെ പുതിയ നിർദേശം. നവംബർ 16ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസുകൾ നടത്താവൂ എന്നാണ് പ്രധാനമായും നിർദേശം നൽകിയിട്ടുള്ളത്.
പമ്പയിലേക്കുള്ള ടിക്കറ്റുകൾ മുൻകൂട്ടി നൽകാൻ പാടില്ലെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെഎസ്ആർടിസി സിഎംഡിക്ക് നിർദേശം നൽകി കത്തയച്ചു. തീർഥാടകരുടെ യാത്രാക്ലേശവും ആശയക്കുഴപ്പവും ഒഴിവാക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
