Home » Blog » kerala Mex » ‘ഡാൻസിങ് ഗേൾ’ ശില്പത്തിന്റെ നഗ്നത മറച്ചതിൽ വൻ വിവാദം; ഒടുവിൽ പിൻവലിഞ്ഞ് എൻ.സി.ഇ.ആർ.ടി
yuftr-680x450

ഡൽഹി: സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രശസ്തമായ അടയാളങ്ങളിലൊന്നായ ‘ഡാൻസിങ് ഗേൾ’ എന്ന വെങ്കല ശിൽപത്തിന്റെ ചിത്രം വികലമാക്കിയ സംഭവം വൻ വിവാദത്തിലേക്ക്. ഒൻപതാം ക്ലാസിലെ പുതിയ കലാപഠന പാഠപുസ്തകമായ ‘മധുരിമ’യിലാണ് ശിൽപത്തിന്റെ നഗ്നത കറുത്ത നിറം നൽകി മറച്ച രീതിയിൽ ഉൾപ്പെടുത്തിയത്. സംഭവം ചരിത്രകാരന്മാർക്കും അധ്യാപകർക്കുമിടയിൽ കടുത്ത അമർഷത്തിന് കാരണമായതോടെ, യഥാർത്ഥ ചിത്രം തന്നെ ഉൾപ്പെടുത്തി പുസ്തകം പുനഃപ്രസിദ്ധീകരിക്കാൻ എൻസിഇആർടി അടിയന്തര തീരുമാനമെടുത്തു.

 

ഈ അധ്യയന വർഷം മുതൽ ആരംഭിച്ച കലാപഠന പരമ്പരയിലെ ആദ്യ അധ്യായമായ ‘ഹിസ്റ്ററി ഓഫ് ആർട്സ്’ എന്ന ഭാഗത്താണ് വിവാദ ചിത്രം പ്രത്യക്ഷപ്പെട്ടത്. കുട്ടികൾക്ക് അനുയോജ്യമായ ചിത്രമല്ല ഇതെന്ന പാഠപുസ്തക സമിതിയിലെ ചിലരുടെ സദാചാര വാദമാണ് ചരിത്രത്തെ വളച്ചൊടിക്കുന്ന രീതിയിലുള്ള ഈ തിരുത്തലിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ പുസ്തക സമിതി അധ്യക്ഷനായിരുന്ന പ്രഫ. മൈക്കിൾ ഡാനിനോ ഉൾപ്പെടെയുള്ള പ്രമുഖർ ഇതിനെ ശക്തമായി എതിർത്തിരുന്നു.

 

2300 ബിസിക്കും 1750 ബിസിക്കും ഇടയിൽ നിർമിക്കപ്പെട്ട ഈ ശിൽപം പ്രാചീന ഇന്ത്യയിലെ ലോഹശാസ്ത്ര വിജ്ഞാനത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഡൽഹി നാഷനൽ മ്യൂസിയത്തിൽ കുട്ടികളടക്കം ആയിരക്കണക്കിന് ആളുകൾ നിത്യേന കാണുന്ന ഒരു ചരിത്രശേഷിപ്പിനെ പാഠപുസ്തകത്തിൽ സദാചാരത്തിന്റെ പേരിൽ മൂടിവെക്കാൻ ശ്രമിച്ചത് തികച്ചും തെറ്റായ നടപടിയാണെന്ന് ഡാനിനോ ചൂണ്ടിക്കാട്ടി.

 

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി എൻസിഇആർടിയുടെ സാമൂഹികശാസ്ത്ര പുസ്തകങ്ങളിൽ യഥാർത്ഥ രൂപത്തിൽ തന്നെയാണ് ഈ ശിൽപത്തിന്റെ ചിത്രം നൽകിയിട്ടുള്ളത്. പുതിയ ആറാം ക്ലാസ് പാഠപുസ്തകത്തിലും ഒറിജിനൽ ചിത്രം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. സംഗീത നാടക അക്കാദമി അധ്യക്ഷ സന്ധ്യ പുരേച്ചയുടെ നേതൃത്വത്തിലുള്ള സമിതിയാണ് വിവാദമായ ഈ ഒൻപതാം ക്ലാസ് പുസ്തകം തയാറാക്കിയത്. വിദഗ്ധ സമിതിയുടെ തീരുമാനപ്രകാരമാണ് ചിത്രം മാറ്റിയതെന്നാണ് എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്‌ലാനി ആദ്യം വിശദീകരിച്ചതെങ്കിലും, പ്രതിഷേധം ശക്തമായതോടെ തെറ്റ് തിരുത്താൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. ഡിജിറ്റൽ പുസ്തകങ്ങളിൽ ചിത്രം ഉടനടി മാറ്റുമെന്നും പുതിയ പ്രിന്റുകളിൽ യഥാർത്ഥ ചിത്രം തന്നെയായിരിക്കും നൽകുകയെന്നും എൻസിഇആർടി വ്യക്തമാക്കിയിട്ടുണ്ട്.