Home » Blog » Kerala » “കളി കഴിഞ്ഞ ഉടൻ രാജ്യം വിടണം”; ഇറാന് നേരെ ഫിഫയുടെ കടുംവെട്ട്, കടുത്ത അമർഷവുമായി കോച്ചും ക്യാപ്റ്റനും
70185460-5e85-11f1-82d1-3f140356d043

ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ ആവേശകരമായ പോരാട്ടത്തിന് പിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനെതിരെ നാടകീയ നീക്കങ്ങൾ. മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ അമേരിക്കയിൽ നിന്ന് ഉടൻ മടങ്ങാൻ ഇറാൻ ടീമിന് അധികൃതർ കർശന നിർദേശം നൽകി. ഇതോടെ കാലിഫോർണിയയിൽ രാത്രി ചെലവഴിക്കാൻ നിശ്ചയിച്ചിരുന്ന ഇറാൻ സംഘത്തിന് വിശ്രമിക്കാൻ പോലും സമയം അനുവദിക്കാതെ മെക്സിക്കോയിലെ തങ്ങളുടെ ബേസ് ക്യാമ്പിലേക്ക് വിമാനം കയറേണ്ടി വന്നു. ഈ അപ്രതീക്ഷിത നടപടിയിൽ കടുത്ത പ്രതിഷേധവുമായി ഇറാന്റെ മുഖ്യ പരിശീലകൻ ആമിർ ഖലെനോയിയും ക്യാപ്റ്റൻ മെഹ്ദി തരേമിയും രംഗത്തെത്തിയിട്ടുണ്ട്.

 

മെക്സിക്കോയിലെ ടിഹുവാനയിലാണ് ലോകകപ്പിനെത്തിയ ഇറാൻ ടീമിന്റെ താൽക്കാലിക ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഇറാന് ടൂർണമെന്റിലുടനീളം നേരിടേണ്ടി വരുന്നത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പരിശീലകൻ ആമിർ ഖലെനോയി തന്റെ അമർഷം മുഴുവൻ തുറന്നുപറഞ്ഞത്. “സത്യസന്ധമായി പറഞ്ഞാൽ എന്തിനാണ് അവർ ഞങ്ങളെ ഇത്ര പെട്ടെന്ന് തിരികെ അയയ്ക്കുന്നതെന്ന് അറിയില്ല. ഇത് തികച്ചും വിചിത്രമാണ്. ഞങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ മറ്റെവിടെയോ ഇരുന്ന് ആരോ ആസൂത്രണം ചെയ്യുന്നത് പോലെയാണ് തോന്നുന്നത്. മത്സരത്തിന് രണ്ട് രാത്രികൾക്ക് മുൻപ് വരാനും, കളി കഴിഞ്ഞ് ഇന്ന് രാത്രി ഇവിടെ താമസിച്ച് നാളെ ഉച്ചയ്ക്ക് ശേഷം മടങ്ങാനുമായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാൽ കളിക്കാർക്ക് ശാരീരികമായി വീണ്ടെടുക്കൽ നടത്താൻ പോലും സമയം തരാതെ വിമാനത്തിൽ കയറാൻ അവർ ആവശ്യപ്പെട്ടു. ഇത് ഞങ്ങളെ മാനസികമായി തളർത്തി. ലോകകപ്പിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്ന ടീം ഞങ്ങളായിരിക്കും,” ഖലെനോയി പറഞ്ഞു.

 

ഫിഫ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാണ് ഇറാൻ ക്യാപ്റ്റൻ മെഹ്ദി തരേമി ആവശ്യപ്പെട്ടത്. “ഇപ്പോൾ തന്നെ ലോസ് ആഞ്ജലീസ് വിടുക എന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു ദുരന്തം പോലെയാണ്. ഫിഫ ഞങ്ങളെ സഹായിക്കേണ്ടതുണ്ട്,” തരേമി വ്യക്തമാക്കി. അമേരിക്കൻ വിസ പ്രതിസന്ധികൾ കാരണം ടീമിന്റെ ഫെഡറേഷൻ ഭാരവാഹികൾക്കോ മാധ്യമപ്രവർത്തകർക്കോ കളി കാണാൻ വരാൻ കഴിഞ്ഞിട്ടില്ലെന്നും ടീം കടുത്ത ഒറ്റപ്പെടലിലാണെന്നും ഇറാൻ ക്യാമ്പ് വ്യക്തമാക്കുന്നു.നിലയിൽ സമനിലയിൽ കലാശിച്ചെങ്കിലും, കളിയിലുടനീളം ഗാലറിയിൽ ഇറാൻ വിരുദ്ധ ചേരി ശക്തമായിരുന്നു. മത്സരത്തിന് മുന്നോടിയായി ഇറാന്റെ ദേശീയഗാനം ആലപിച്ചപ്പോൾ ഒരുവിഭാഗം കാണികൾ കൂകിവിളിച്ചും വിസിലടിച്ചുമാണ് പ്രതിഷേധിച്ചത്. റാമിൻ റെസയാൻ ഇറാന് വേണ്ടി ആദ്യ ഗോൾ നേടിയപ്പോഴും ഈ കൂവൽ തുടർന്നു. സ്റ്റേഡിയത്തിന് പുറത്ത് മൂന്നൂറിലധികം വരുന്ന ഇറാൻ വിരുദ്ധ പ്രക്ഷോഭകർ പതാകകളേന്തി ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരുന്നു. രാഷ്ട്രീയ വിവാദങ്ങൾ കനക്കുന്നതോടെ വരും ദിവസങ്ങളിൽ ഈ വിഷയം ലോകകപ്പ് വേദികളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.