Home » Blog » kerala Mex » രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ചു
gas-lpg-680x450

രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 രൂപയായും വാണിജ്യ സിലിണ്ടറിന്റേത് 1890.50 രൂപയായും ഉയർന്നു. മെട്രോ നഗരങ്ങളായ ഡൽഹിയിൽ 913 രൂപയും, മുംബൈയിൽ 912.50 രൂപയും, കൊൽക്കത്തയിൽ 939 രൂപയുമാണ് പുതിയ ഗാർഹിക സിലിണ്ടർ നിരക്ക്. ചെന്നൈയിൽ വില 928.50 രൂപയായി.

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ ക്രൂഡ് ഓയിൽ വിലയെയും ഊർജ്ജ ഇറക്കുമതിയെയും ബാധിച്ചതാണ് നിലവിലെ വിലവർദ്ധനവിന് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അന്താരാഷ്ട്ര വിപണിയിലുണ്ടായ അസ്ഥിരത പാചകവാതക വിപണിയെയും സമ്മർദ്ദത്തിലാക്കിയിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഊർജ്ജ വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങളും ഇൻഷുറൻസ്, കപ്പൽക്കൂലി എന്നിവയിലുണ്ടായ വർദ്ധനവും വിലക്കയറ്റത്തിന് ആക്കം കൂട്ടി.

അതേസമയം, യുദ്ധസാഹചര്യത്തിലും രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. പെട്രോളിന്റെയും ഡീസലിന്റെയും വിതരണം സുഗമമാണെന്നും ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അറിയിച്ചു. ആവശ്യത്തിന് കരുതൽ ശേഖരം ഉണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും, പാചകവാതക വിലയിലുണ്ടായ വർദ്ധന സാധാരണക്കാരുടെ കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കും.