
പാർട്ടിക്കെതിരെ നിരന്തര വിമർശനങ്ങൾ ഉന്നയിക്കുന്ന ജി സുധാകരനെതിരെ നിയമക്കുരുക്ക് മുറുക്കാൻ സിപിഎം നേതൃത്വം. സുധാകരന്റെ പ്രസ്താവനകൾക്കെതിരെ തുടർച്ചയായി മാനനഷ്ടക്കേസുകൾ ഫയൽ ചെയ്യാനാണ് ജില്ലയിലെ സിപിഎമ്മിൽ സജി ചെറിയാൻ പക്ഷത്തുള്ള യുവനേതാക്കളുടെ നീക്കം. ലഹരിക്കേസിൽ ആരോപണവിധേയനായ ആലപ്പുഴ നഗരസഭ കൗൺസിലർ ഷാനവാസാണ് ഏറ്റവും ഒടുവിൽ സുധാകരനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
പാർട്ടിയുമായി അകന്നുനിൽക്കുന്ന ജി സുധാകരൻ അടുത്തിടെ സിപിഎം നേതാക്കൾക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. സിപിഎം നേതാക്കളായ എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം. എന്നാൽ തന്റെ കുടുംബത്തിലെ ആർക്കും ഇത്തരത്തിൽ ജോലി നൽകിയിട്ടില്ലെന്നും, ഈ വിഷയങ്ങൾ മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സുധാകരൻ വിമർശിച്ചിരുന്നു
ഇതിനിടയിൽ പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസിലും സുധാകരൻ പ്രതികരിച്ചിരുന്നു. ഈ വിഷയത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നിട്ടുണ്ടെന്നും, കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് ഇ.ഡിയുടെ റിപ്പോർട്ട് ഉള്ളതെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. എന്നാൽ ഇവർ ആരെങ്കിലും യഥാർത്ഥത്തിൽ പണം വാങ്ങിയോ എന്ന് തനിക്ക് ഉറപ്പില്ലെന്നും ജി സുധാകരൻ വ്യക്തമാക്കിയിരുന്നു. പാർട്ടിക്കുള്ളിലെ വിമർശനങ്ങളും സുധാകരന്റെ പുതിയ വെളിപ്പെടുത്തലുകളും ആലപ്പുഴ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
