Your Image Description Your Image Description

ഹൈദരാബാദ്: പ്രീമിയര്‍ ഷോകള്‍ നിരോധിച്ച നടപടി പിന്‍വലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുമെന്ന തീരുമാനത്തിലും മാറ്റമില്ല. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് തെലുങ്ക് സിനിമാ വ്യവസായ പ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. പുഷ്പ 2 പ്രദര്‍ശത്തിനിടെ ഒരു സ്ത്രീ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട കേസുകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയിലാണ് നടന്‍മാരും സംവിധായകരും നിര്‍മാതാക്കളുടങ്ങുന്ന തെലുങ്ക് സിനിമാപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. സംസ്ഥാനത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനും മയക്കുമരുന്ന് വിരുദ്ധ കാമ്പയിന് പിന്തുണ നല്‍കാനും രേവന്ത് റെഡ്ഡി സിനിമാ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ആരാധകരെയും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയും നിയന്ത്രിക്കേണ്ടത് താരങ്ങളാണെന്നും രേവന്ത് നിര്‍മാതാക്കളോട് പറഞ്ഞു.

പുഷ്പ 2 റിലീസിനിടെയുണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി, സിനിമാ വ്യവസായത്തില്‍ പാലിക്കേണ്ട മര്യാദകളും ഉത്തരവാദിത്തവും അദ്ദേഹം എടുത്തു പറഞ്ഞു. ജാഗ്രത പുലര്‍ത്തേണ്ടയിടത്ത് അതു പാലിച്ചിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ തരത്തിലുള്ള അപകങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സിനിമാ മേഖലയില്‍ സര്‍ക്കാറിന്റെ ഭാഗത്തി നിന്നും പുര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും രേവന്ത് റെഡ്ഡി ഉറപ്പു നല്‍കി.
തെലങ്കാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എഫ്ഡിസി) ചെയര്‍മാന്‍ ദില്‍ രാജു, നാഗാര്‍ജുന, വരുണ്‍ തേജ്, സായ് ധരം തേജ്, കല്യാണ്‍ റാം, ശിവ ബാലാജി, അദിവി സേഷ്, നിതിന്‍, വെങ്കടേഷ്, അല്ലു അരവിന്ദ് അടക്കമുള്ളവരും മറ്റു പ്രമുഖ സംവിധായകരും നിര്‍മാതാക്കളും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *