Your Image Description Your Image Description

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ചന്ദ്രനിൽ ഇന്ത്യൻ പതാക പറക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. 2040-ഓടെ ഇന്ത്യൻ പൗരൻ ചന്ദ്രനിൽ പോവുകയും സുരക്ഷിതമായി തിരികെ വരികയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2040-ഓടെ ചന്ദ്രനിൽ ബഹിരാകാശ യാത്രികരെ ഇറക്കാനുള്ള അഭിമാന ദൗത്യത്തിന് ഇന്ത്യ രൂപംനൽകിയെന്നും എൻ.ഡി‍‍.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കി.

2040-ൽ ഇന്ത്യക്കാരൻ ചന്ദ്രനിലെത്തുമെന്നാണ് സോമനാഥ് വ്യക്തമാക്കുന്നത്. അതേസമയം, അടുത്ത വർഷം ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ സ്ഥാപിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ശുക്രനിലേക്കുള്ള ഒരു പര്യവേഷണ ദൗത്യത്തിന് അം​ഗീകാരം നൽകിയതായും സോമനാഥ് അറിയിച്ചു.

മനുഷ്യന്റെ ബഹിരാകാശ യാത്രയേയും ചാന്ദ്ര ദൗത്യങ്ങളേയും പിന്തുണയ്ക്കാൻ ശേഷിയുള്ള പുനരുപയോ​ഗിക്കാനാകുന്ന റോക്കറ്റുകളുടെ വികസനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. 250-ലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ ബഹിരാകാശ മേഖലയെ നവീകരിക്കുകയും ഊർജസ്വലമാക്കുകയും ചെയ്യുന്നു. ബഹിരാകാശ ദൗത്യങ്ങൾക്കായി ചിലവഴിക്കുന്ന ഓരോ രൂപയ്ക്കും പ്രതിഫലമായി 2.52 രൂപ പ്രതിഫലമായി ലഭിക്കുന്നു എന്നാണ് റിപ്പോർട്ട്, സോമനാഥ് കൂട്ടിച്ചേർത്തു.

ബഹിരാകാശ മേഖലയിൽ ഇന്ത്യക്ക് 2024 മികച്ച വർഷമായിരുന്നുവെന്ന് വിശ്വസിക്കുന്നുവെന്നായിരുന്നു അദ്ദേ​​ഹത്തിന്റെ പ്രതികരണം. ഞങ്ങൾ നിർവ്വഹിച്ച ദൗത്യങ്ങളുടെ കാര്യത്തിലും പ്രധാനമന്ത്രിയുടെ ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭാവി പദ്ധതികളുടെ അടിസ്ഥാനത്തിലുമാണ് ഇക്കാര്യം പറയുന്നതെന്നും സോമനാഥ് പറഞ്ഞു. ബഹിരാകാശ പദ്ധതിയുടെ ചരിത്രത്തിൽ ‍ആദ്യമായാണ് അടുത്ത 25 വർഷത്തേക്കുള്ള കാഴ്ചപാട് പ്രഖ്യാപിച്ചതെന്നും ഐഎസ്ആർഒ ചെയർമാൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *