Your Image Description Your Image Description

കോട്ടയം: ക്രിസ്തുമസ്-പുതുവത്സര വേളയിൽ യാത്രക്കാർക്ക് അല്പം ആശ്വസിക്കാം. ഡിസംബര്‍ 23 തിങ്കളാഴ്ച്ച മുതല്‍ 06169/70 കൊല്ലം – എറണാകുളം മെമു സ്പെഷ്യല്‍ ചെറിയനാട് നിർത്തിത്തുടങ്ങും. കൊല്ലം- എറണാകുളം മെമുവിന് പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുകയാണ് റെയില്‍വേ. ചെറിയനാടാണ് പുതുതായി അനുവദിച്ചിരിക്കുന്ന സ്റ്റേഷന്‍. മെമുവിന്റെ സര്‍വ്വീസ് നേരത്തെ 6 മാസത്തേക്ക് നീട്ടിയപ്പോള്‍ തന്നെ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യങ്ങളും ഉയര്‍ന്നിരുന്നു. പാലരുവി എക്സ്പ്രസ്, വേണാട് എകസ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ തിരക്ക് കണക്കിലെടുത്താണ് മെമുവിന്റെ കാലാവധി നീട്ടിക്കിട്ടിയത്.

മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലാണ് ചെറിയനാട് റെയിൽവേ സ്റ്റേഷൻ. ചെറിയനാടിന് പുറമെ ചിങ്ങവനം, കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനുകളിൽ കൂടി മെമുവിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളം വരെ രാവിലെയുളള യാത്ര വലിയ തിരക്കാണ്. ഓഫീസിൽ പോകുന്നവർക്ക് ഉൾപ്പെടെ ഇത് വലിയ ആശ്വാസമാകും. ചെറിയനാടിന് സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി റെയില്‍വേ ബോര്‍ഡ് ചെയര്‍മാൻ, ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജര്‍, കേന്ദ്ര റെയില്‍വെ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *