Your Image Description Your Image Description

റിയാദ്: ശൈത്യ കാലത്തിലേക്ക് കടന്ന് സൗദി അറേബ്യ. അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞ് മിക്ക പ്രദേശങ്ങളും ശൈത്യത്തിന്‍റെ പിടിയിലായി. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയുമുണ്ടാകുന്നുണ്ട്.

രാജ്യത്തിെൻറ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാമാറ്റം തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

അൽ ജൗഫ് മേഖലയിലെ അൽ ഖുറയാത്തിൽ ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില മൈനസ് വൺ ഡിഗ്രിയാണ്. സമീപ മേഖലകളായ തുറൈഫിൽ പൂജ്യവും റഫയിൽ ഒന്നും അറാറിലും അൽ ഖൈസൂമയിലും മൂന്നും ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സകാക്കയിലും ഹാഇലിലും നാലും തബൂക്കിൽ അഞ്ചും ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
തബൂക്കിലെ ജബൽ അല്ലൗസ്, അൽ ഉഖ്‌ലാൻ, അൽ ദഹർ തുടങ്ങിയ മലയോര പ്രദേശങ്ങളിലും തുറൈഫ്, അൽ ഖുറയാത്ത് പ്രദേശങ്ങളിലുമാണ് മഞ്ഞുവീഴ്ച. ഇത് ശക്തിപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഓരോ ദിവസം കഴിയും തോറും താപനില ക്രമാതീതമായി കുറയുകയാണ്. ശക്തമായ ഉപരിതല കാറ്റും ചിലയിടങ്ങളിൽ പൊടിക്കാറ്റും ഉണ്ടായതായി റിപ്പോർട്ടുണ്ട്. നജ്‌റാൻ, റിയാദ് എന്നിവിടങ്ങളിലും കിഴക്കൻ മേഖലകളുടെ ചില ഭാഗങ്ങളിലും ദൂരക്കാഴ്ചയെ പരിമിതപ്പെടുത്തുന്ന പൊടിക്കാറ്റ് കഴിഞ്ഞ ദിവസമുണ്ടായി. ജീസാൻ, അസീർ, അൽ ബാഹ എന്നിവിടങ്ങളിലെ കുന്നിൻപ്രദേശങ്ങളിൽ നേരിയ മഴക്കും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുള്ളതായി കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദിലും മഴ സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. വടക്കൻ അതിർത്തി പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.

അൽ ജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ മഞ്ഞ് വീഴ്ച വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഈ ഭാഗങ്ങളിൽ ശക്തമായ ശീത തരംഗത്തിനും സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. അറാർ, തുറൈഫ്, റഫ്ഹ, അൽ ഒവൈഖില എന്നിവിടങ്ങളിൽ താപനില ഇനിയും കുറയുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. തബൂക്കിെൻറ ചില ഭാഗങ്ങൾക്ക് പുറമെ മക്ക, മദീന, ഹാഇൽ, വടക്കൻ അതിർത്തികൾ, അൽ ജൗഫ് എന്നിവിടങ്ങളിൽ പൊടിക്കാറ്റും ആലിപ്പഴ വർഷവും നേരിയതോ മിതമായതോ ആയ ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *