Your Image Description Your Image Description

ചെറുതോണി : ഇടുക്കി ഗവൺമെന്റ് നഴ്സിങ് കോളജിലെ വിദ്യാർഥികൾ ഇന്നലെ പഠിപ്പു മുടക്കി സമരം നടത്തി. കോളജിൽ ക്ലാസ് മുറികളും അടിസ്‌ഥാന സൗകര്യങ്ങളും അടിയന്തരമായി ഒരുക്കുക, കുട്ടികൾക്കു താമസ സൗകര്യവും ഭക്ഷണവും ഒരുക്കുക, യാത്ര സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

രാവിലെ ക്ലാസുകൾ ബഹിഷ്കരിച്ച് മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ കുത്തിയിരുന്ന വിദ്യാർഥികൾ ഉച്ചയ്ക്ക് ഒന്നു വരെ സമരം തുടർന്നു. ഇതു സൂചന സമരമാണെന്നും ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ നടപടിയില്ലെങ്കിൽ സമരം തുടരുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പു നൽകി.ഇടുക്ക് നഴ്സിങ് കോളജിൽ രണ്ട് ബാച്ചുകളിലായി ആകെ 120 വിദ്യാർഥികളാണ് ഉള്ളത്. പെൺകുട്ടികൾക്ക് കോളജിനു സമീപം സ്വകാര്യ ഹോസ്‌റ്റലാണ് അധികൃതർ താമസ സൗകര്യം
ഏർപ്പെടുത്തിയിരിക്കുന്നത്. പേരിനു പോലും അടിസ്‌ഥാന സൗകര്യമില്ലാത്ത ഇവിടെ 97 വിദ്യാർഥിനികളാണ് തിങ്ങി ഞെരുങ്ങി കഴിയുന്നത്.

പാമ്പും പഴുതാരയും എലിയുമെല്ലാം ഇവിടെ നിത്യ സന്ദർശകരാണെന്നും മനഃസമാധാനത്തോടെ കിടന്നുറങ്ങാൻ പോലും കഴിയാത്ത സ്‌ഥിതിയാണെന്നും വിദ്യാർഥികൾ പറയുന്നു. വേണ്ടത ഭക്ഷണവും ലഭിക്കുന്നില്ല. ഹോസ്‌റ്റലിലെ അസൗകര്യങ്ങൾ സംബന്ധിച്ചു നിരവധി തവണ അധികൃതരോടു പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. തുടർന്ന് കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം ഉണ്ടായില്ല. കഴിഞ്ഞദിവസം മന്ത്രി റോഷി അഗസ്‌റ്റിൻ വിളിച്ചു ചേർത്ത യോഗത്തിലും ആവശ്യമായ സൗകര്യങ്ങൾ ഉടൻ ഒരുക്കുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും പിന്നീടും പ്രശ്‌നങ്ങൾ പരിഹരിച്ചില്ല. ഈ സാഹചര്യത്തിലാണ് സമരമെന്നു വിദ്യാർഥികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *