Your Image Description Your Image Description

കടുത്തുരുത്തി: ബൈപാസ്നിർമാണത്തിൽ അപാകതകളെന്ന് പരാതി. ഐടിസി ജംക്ഷനിൽ നിന്നാരംഭിച്ച് ബ്ലോക്ക് ജംക്‌ഷനിൽ എത്തിച്ചേരും വിധമാണ് ബൈപാസിന്റെ പണികൾ പുരോഗമിക്കുന്നത്. ടൗണിലേക്ക് പ്രവേശനപാത ഇല്ലാതെയാണ് ബൈപാസ് നിർമാണം നടക്കുന്നതെന്ന് എൽഡിഎഫും പഞ്ചായത്തും ആരോപിച്ചു.

ആദ്യഘട്ടത്തിൽ ബൈപാസിൽ നിന്ന് ആപ്പുഴ – തീരദേശ റോഡിലൂടെ കടുത്തുരുത്തി ടൗണിലേക്കു പ്രവേശനപാത നിർദേശിച്ചിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.സ്മിത, വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, എൽഡിഎഫ് ചെയർമാൻ സന്തോഷ് ജേക്കബ്, കൺവീനർ ടി.സി.വിനോദ്, സി.ഐ.ഐസക് എന്നിവർ പറഞ്ഞു. ഇപ്പോഴുള്ള നിർമാണം അനുസരിച്ചു ബൈപാസ് പൂർത്തിയാകുമ്പോൾ ടൗൺ അപ്രസക്തമാകും. വ്യാപാര കേന്ദ്രങ്ങളും സ്ഥാപനങ്ങളും നോക്കുകുത്തിയാകുന്ന സ്ഥിതിയാണ് സംഭവിക്കാൻ പോകുന്നത്. ബൈപാസ് നിർമാണം മൂലം ടൗണിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ടൗണിലെ വ്യാപാരികളുടെയും സ്ഥാപനങ്ങളുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബൈപാസിൽ നിന്നു ടൗണിലേക്ക് പ്രവേശനപാത വേണം. ഇതിന് ഏറ്റവും അനുയോജ്യം വലിയ തോടിനു കുറുകെയുള്ള പാലത്തിനു സമീപത്തു നിന്നു തീരദേശ റോഡ് വഴി ടൗണിലേക്കു റോഡ് വീതി കൂട്ടി നിർമിക്കുകയാണ്. നിലവിൽ ഇവിടെ റോഡുണ്ട്. ഇതു വീതി കൂട്ടിയാൽ മതിയാകും. കടുത്തുരുത്തിയെ ആകെ ബാധിക്കുന്ന പ്രശ്‌നത്തിനു പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും കാണുമെന്നും നിവേദനം നൽകുമെന്നും ടി.സി.വിനോദ്, സന്തോഷ് ജേക്കബ് എന്നിവർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *