Your Image Description Your Image Description

ന്യൂ യോർക്ക് : 2034-ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും. 2030-ലെ ലോകകപ്പ് മത്സരങ്ങള്‍ക്ക് സ്പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യംവഹിക്കുമെന്നും ആഗോള ഫുട്ബോള്‍ സംഘടന വ്യക്തമാക്കി. വെര്‍ച്വലായി നടന്ന ഫിഫ കോണ്‍ഗ്രസ് യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.ഫിഫയിലെ 211 അംഗരാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന വീഡിയോയും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ നൂറാം വാര്‍ഷികത്തിലാണ് 2030 ലോക കപ്പ് നടക്കുക.
രണ്ട് ടൂര്‍ണമെന്റുകള്‍ നടക്കേണ്ട രാജ്യങ്ങളെയും 2030-ലെ ശതാബ്ദി ആഘോഷങ്ങള്‍ നടത്തേണ്ട രാജ്യങ്ങളെയും രണ്ട് വ്യത്യസ്ത വോട്ടെടുപ്പ് വഴി കണ്ടെത്തി. ഉറുഗ്വായ്, പരാഗ്വേ, അര്‍ജന്റീന എന്നീ വേദികള്‍ ശതാബ്ദി ആതിഥേയരായി ആദ്യം തെരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ 2030-ലെ ടൂര്‍ണമെന്റ് നടക്കേണ്ട രാജ്യങ്ങളെയും തുടര്‍ന്ന് 2034 ടൂര്‍ണമെന്റിന് വേദിയൊരുക്കേണ്ട രാജ്യത്തെയും തെരഞ്ഞെടുത്തു. എല്ലാ 211 അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തിന് മുമ്പ് നടന്ന വോട്ടിങില്‍ പങ്കാളികളായി.

2022-ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗള്‍ഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034-ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ ഓസ്ട്രേലിയയും ഇന്‍ഡോനീഷ്യയും താല്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. 2027-ലെ വനിതാ ലോകകപ്പിന് ബ്രസീല്‍ ആതിഥ്യംവഹിക്കും.

അതേ സമയം നോര്‍വെ വോട്ടിങില്‍ നിന്ന് വിട്ടുനിന്നത് സൗദിയോടുള്ള എതിര്‍പ്പല്ലെന്നും നിലവിലെ ഫിഫ ലോകകപ്പ് വോട്ടിങ് രീതിയിലെ സാങ്കേതികത്വം മൂലമാണെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 2034 ലോകകപ്പ് മത്സരങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള 15 സ്റ്റേഡിയങ്ങളില്‍ നാലെണ്ണം ഇതിനകം തന്നെ സൗദി അറേബ്യ പൂര്‍ത്തികരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *