Your Image Description Your Image Description

കൊച്ചി: ശബരിമലയിൽ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞൾപൊടി വിതറുന്നതും ആചാരത്തിന്റെ ഭാ​ഗമല്ലെന്ന് ​ഹൈക്കോടതി. ഇത് മറ്റു ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം കാര്യങ്ങൾ അനുവദിക്കരുതെന്നും വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ശബരിമലയിലെ ആചാരത്തിന്റെ ഭാഗമല്ലെന്നും ഇക്കാര്യത്തിൽ ഭക്തർക്കിടയിൽ അവബോധമുണ്ടാക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞൾപൊടി വിതറുന്നതും സംബന്ധിച്ച് നിർദ്ദേശം നൽകിയത്.

ശബരിമലയിൽ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞൾപൊടി വിതറുന്നതും അനുവദിക്കാൻ പാടില്ല. മാളികപ്പുറത്ത് വസ്ത്രങ്ങൾ എറിയുന്നതും കോടതി തടഞ്ഞിട്ടുണ്ട്. ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് അയ്യപ്പൻമാരെ അറിയിക്കാൻ അനൗൺസ്‌മെന്റ് നടത്തണമെന്നും കോടതി നിർദേശം നൽകി.

ശബരിമലയിൽ വ്‌ലോഗർമാർ വീഡിയോ ചിത്രീകരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പതിനെട്ടാം പടിയിൽനിന്നുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ പകർത്തരുതെന്ന് കോടതി നിർദേശിച്ചു. ദേവസ്വംബോർഡ് അനുമതി നൽകുന്നവർക്ക് ചടങ്ങുകൾ ചിത്രീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *