Your Image Description Your Image Description

തിരുവനന്തപുരം: പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനായി സംസ്‌ഥാനത്ത്‌ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രതിവിഷം ലഭ്യമാക്കാൻ നടപടി തുടങ്ങി. 850-ഓളം കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഒരുവർഷത്തിനകം ഈ നടപടി പൂർത്തിയാകും. സംസ്ഥാനത്ത് ഈ വർഷം മനുഷ്യ-വന്യജീവിസംഘർഷത്തിൽ മരിച്ച 44 പേരിൽ 22 പേരും പാമ്പുകടിയേറ്റാണ് മരിച്ചത്.

അഞ്ചുവർഷത്തിനകം പാമ്പുകടിയേറ്റുള്ള മരണങ്ങൾ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ‘പാമ്പുവിഷബാധ ജീവഹാനിരഹിത കേരളം’ എന്നപരിപാടിയും സർക്കാർ സംഘടിപ്പിക്കും. ഇതിനുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നടക്കുക.

ദുരന്തനിവാരണ അതോറിറ്റി, ആരോഗ്യം, തദ്ദേശ സ്വയംഭരണം, റവന്യു, മൃഗസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചാണ് വനംവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ പ്രതിവിഷം ലഭ്യമല്ലാത്ത മുഴമൂക്കൻ കുഴിമണ്ഡലി (ഹംപ്‌നോസ് പിറ്റ് വൈപ്പർ) വിഷത്തിനുള്ള പ്രതിവിഷം വികസിപ്പിക്കാൻ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനോടാവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ചുവർഷത്തിനിടെ 221 പേർ പാമ്പുകടിയേറ്റ് മരിച്ചെന്നാണ് വനംവകുപ്പിന്റെ കണക്ക്.

മൂർഖൻ, അണലി, ചുരുട്ട മണ്ഡലി, ശംഖുവരയൻ എന്നിവയുടെ വിഷത്തിന് പോളിവാലന്റ് പ്രതിവിഷമാണ് നിലവിലുള്ളത്. ഇവ ഫലപ്രദവുമാണ്.

എന്നാൽ, മുഴമൂക്കൻ കുഴിമണ്ഡലി, ചോലമണ്ഡലി എന്നിവയുടെ കടിയേറ്റാൽ പോളിവാലന്റ് കുത്തിവെക്കുന്നത് അപകടകരവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *