Your Image Description Your Image Description

കോഴിക്കോട് : കോഴിക്കോട് ബൈപ്പാസിലെ ഏറ്റവും തിരക്കുപിടിച്ച പന്തീരാങ്കാവ് ഭാഗത്തെ പാലാഴി റോഡ് ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയായ മേൽപ്പാലം ക്രിസ്മസിന് മുമ്പായി നാടിനു സമർപ്പിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

മേൽപ്പാലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത-66ലെ പ്രധാന റീച്ചായ രാമനാട്ടുകര-വെങ്ങളം ബൈപ്പാസിലെ ഏറ്റവും തിരക്കുപിടിച്ച സ്ഥലമാണ് പന്തീരാങ്കാവ് ഭാഗം. മാൾ, സൈബർപാർക്ക് എന്നിവ ഉള്ളതിനാൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. കിലോമീറ്ററുകൾ നീളുന്ന ഗതാഗതസ്തംഭനം നിത്യകാഴ്ചയായിരുന്നു. ഇതിനൊക്കെ പരിഹാരമായിട്ടാണ്
ബൈപ്പാസിലെ ഏറ്റവും നീളംകൂടിയ പാലം വിഭാവനം ചെയ്തത്, മന്ത്രി വ്യക്തമാക്കി.

690 മീറ്റർ നീളമുള്ള പാലം ക്രിസ്മസിന് മുമ്പ് തന്നെ തുറന്നുകൊടുക്കും. ഇരുവശത്തുമായി രണ്ടു മേൽപ്പാലങ്ങളാണ് നിർമാണം പൂർത്തീകരിച്ചത്. പാലം തുറക്കുന്നതോടെ വലിയ മാറ്റമാണ് വരാൻ പോകുന്നത്.

മേൽപ്പാലത്തിന് ഭൂമിയേറ്റെടുക്കാനും പ്രവൃത്തി സമയത്തിനു പൂർത്തിയാക്കാനും പരാതികൾ പരിഹരിക്കാനും മറ്റുമായി എല്ലാവരും ഒറ്റകെട്ടായി നിന്നതായി മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ, ജില്ലാ ഭരണകൂടം, ഒളവണ്ണ ഗ്രാമപഞ്ചായത്ത്, കോഴിക്കോട് കോർപ്പറേഷൻ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ, വ്യാപാരികൾ, നാട്ടുകാർ, ഓട്ടോ തൊഴിലാളികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പൂർണമായും സഹകരിച്ചു.

ഏറ്റെടുക്കാൻ ഭൂമി കിട്ടാനില്ലാത്ത അവസ്ഥയിൽ വൻ വില കൊടുത്താണ് സർക്കാർ സ്ഥലം ഏറ്റെടുക്കുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം 415 കോടിയാണ് ഇതിനായി സംസ്ഥാന സർക്കാർ ചെലവഴിച്ചത്.രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് അടുത്ത മഴക്കാലത്തിനു മുമ്പ്, വിഷു സമ്മാനമായി നാടിന് സമർപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *