Your Image Description Your Image Description

ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശും അമേരിക്കയിലെ കാലിഫോർണിയയും തമ്മിൽ നിരവധി സമാനതകളുണ്ട്. അമേരിക്കയിലെ ഉത്തർപ്രദേശ് എന്ന് കാലിഫോർണിയയെന്ന് അടുത്തിടെ ലഖ്നോ സന്ദർശനത്തിനിടെ യു.എസ് അംബാസഡർ എറിക് ഗാർസെറ്റി വിശേഷിപ്പിക്കുകയുണ്ടായി.നവീകരണത്തിന്റെയും സംസ്‌കാരത്തിന്റെയും സാമ്പത്തിക വൈദഗ്ധ്യത്തിന്റെയും കേന്ദ്രങ്ങളാണ് ഈ രണ്ട് സംസ്ഥാനങ്ങളും. അവക്ക് രാഷ്ട്രീയ സമാനതകളുമില്ല.

ഇന്ത്യ ആര് ഭരിക്കുമെന്ന് നിശ്ചയിക്കാൻ കെൽപുള്ള സംസ്ഥാനമാണ് യു.പി. യു.പി പിടിച്ചാൽ ഇന്ത്യ പകുതി നേടിയതുപോലെയായി എന്നാണ് പഴമൊഴി തന്നെ. 543 അംഗ ലോക്സഭയിൽ ഏറെ നിർണായകമാണ് ഈ 80 സീറ്റുകൾ.അതുപോലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാലിഫോർണിയ സംസ്ഥാനത്തിന് ശക്തമായ റോളുണ്ട്. പരമ്പരാഗതമായി കാലിഫോർണിയ പിന്തുണക്കുന്നത് ഡെമോക്രാറ്റുകളെയാണ്.

യു.എസിൽ ഏറ്റവും കൂടുതൽ ജനങ്ങളുള്ള സംസ്ഥാനമാണ് കാലിഫോർണിയ. ഏറ്റവും കൂടുതൽ ഇലക്ടറൽ വോട്ടുകൾ(54) ഉള്ള സംസ്ഥാനവും. യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ, ഓരോ സംസ്ഥാനത്തിനും ജനസംഖ്യയെ അടിസ്ഥാനമാക്കി നിശ്ചിത എണ്ണം ഇലക്‌ടറൽ വോട്ടുകൾ അനുവദിക്കുന്ന ഇലക്ടറൽ കോളജാണ് ഫലം നിർണയിക്കുന്നത്.

3.8 കോടി ജനസംഖ്യയുള്ള കാലിഫോർണിയയിൽ 54 ഇലക്‌ടറൽ വോട്ടുകൾ ഉണ്ട്. ഇത് 50 സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്നതാണ്.എന്നാൽ ഡെമോക്രാറ്റുകളോട് ചായ്വ് പുലർത്തുന്നതിനാൽ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഒരു സംസ്ഥാനമായി കാലിഫോർണിയയെ കണക്കാക്കാനാകില്ല.ഇന്ത്യയിലെ 543 ലോക്സഭ സീറ്റുകളിൽ ഓരോന്നിനും വിവിധ രാഷ്ട്രീയ പാർട്ടികൾ ശക്തമായ പോരാട്ടം കാഴ്ച വെക്കേണ്ടതുണ്ട്. എന്നാൽ, യു.എസിൽ, ഓരോ കൗണ്ടിയും അത്ര പ്രധാനമല്ല. 48 സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർഥിക്ക് സംസ്ഥാനത്തെ ഇലക്ടറൽ വോട്ടുകൾ ലഭിക്കും. അതുകൊണ്ടാണ് കാലിഫോർണിയയിലെ ഓരോ കൗണ്ടിയും ഒരു പാർട്ടിയുടെ വിജയത്തിന് യു.പിയിലെ സീറ്റ് പോലെ പ്രധാനമല്ലാത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *