Your Image Description Your Image Description

പാലക്കാട് : കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവം ഇന്ന് (നവംബര്‍ 6) മുതല്‍ പത്ത് വരെ കല്‍പ്പാത്തി ചാത്തപ്പുരം മണി അയ്യര്‍ റോഡില്‍ പുതുക്കോട് കൃഷ്ണമൂര്‍ത്തി നഗറില്‍ നടക്കും. സംസ്ഥാന ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സഹകരണത്തോടെയാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന ദിനമായ നവംബര്‍ ഇന്ന് അന്നമാചാര്യ ദിനമായി ആഘോഷിക്കും. വൈകിട്ട് ആറിന് സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നടക്കും. വൈകിട്ട് ഏഴിന് ബാംഗ്ലൂര്‍ ബ്രദേഴ്‌സായ എം.ബി.ഹരിഹരന്‍, എസ്.അശോക് എന്നിവരുടെ സംഗീത കച്ചേരിനടക്കും. എം.എ.സുന്ദരേശ്വരന്‍ (വയലിന്‍), സംഗീത കലാനിധി ഡോ.തിരുവാരൂര്‍ ഭക്തവത്സലം (മൃദംഗം), വി.എസ്.പുരുഷോത്തം (ഗഞ്ചിറ) എന്നിവര്‍ ചേര്‍ന്ന് പക്കമേളമൊരുക്കും.

നവംബര്‍ ഏഴിന് പുരന്തരദാസ ദിനമായി ആഘോഷിക്കും. വൈകിട്ട് നാലിന് ടി.അര്‍ച്ചനയുടെ സംഗീത കച്ചേരിക്ക് എന്‍.വി.ശിവരാമകൃഷ്ണന്‍ (വയലിന്‍), ശ്രീ.കെ.ആര്‍.വെങ്കിടേശ്വരന്‍ (മൃദംഗം) എന്നിവര്‍ പക്കമേളമൊരുക്കും. വൈകീട്ട് അഞ്ചിന് പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി നടക്കും. ഏഴു മണിക്ക്ന് ഐശ്വര്യ വിദ്യ രഘുനാഥ് സംഗീത കച്ചേരി അവതരിപ്പിക്കും. എന്‍.മദന്‍ മോഹന്‍ (വയലിന്‍) മനോജ് ശിവ (മൃദംഗം), പയ്യന്നൂര്‍ ഗോവിന്ദപ്രസാദ് (മോര്‍സിംഗ്) എന്നിവര്‍ പക്കമേളമൊരുക്കുന്നതില്‍ പങ്കുചേരും.

നവംബര്‍ എട്ടിന് സ്വാതി തിരുനാള്‍ ദിനമായി ആഘോഷിക്കും. വൈകിട്ട് നാലിന് നടക്കുന്ന നിരഞ്ജന്റെ സംഗീത കച്ചേരിക്ക് വി.ടി.ശങ്കരനാരായണന്‍ (വയലിന്‍), മനോജ് ഷൊര്‍ണ്ണൂര്‍ (മൃദംഗം) എന്നിവര്‍ പക്കമേളമൊരുക്കും. അഞ്ചു മണിക്ക് ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജിലെ സംഗീത വിഭാഗ വിദ്യാര്‍ഥികളുടെ സംഗീത കച്ചേരി നടക്കും. ഏഴിന് വിശ്വേഷ് സ്വാമിനാഥന്‍ നടത്തുന്ന സംഗീത കച്ചേരിക്ക് ആര്‍.സ്വാമിനാഥന്‍ (വയലിന്‍), ബി.വിജയ് നടേശന്‍ (മൃദംഗം), മാടിപ്പക്കം.എ.മുരളി (ഘടം) എന്നിവര്‍ പക്കമേളം ഒരുക്കും.

നവംബര്‍ ഒമ്പതിന് ശ്യാമശാസ്ത്രി ദിനമായി ആചരിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൂര്‍ണ്ണിമ അരവിന്ദിന്റെ സംഗീത കച്ചേരിക്ക് ആദിത്യ അനില്‍ (വയലിന്‍), ജയകൃഷ്ണന്‍ അനിലക്കാട് (മൃദംഗം), ജയദേവന്‍ ചാലക്കുടി (ഘടം) എന്നിവര്‍ പക്കമേളമൊരുക്കും. ഏഴിന് സുനില്‍.ആര്‍.ഗാര്‍ഗ്യാന്‍ നടത്തുന്ന സംഗീത കച്ചേരിക്ക് ബി.അനന്തകൃഷ്ണന്‍ (വയലിന്‍), അരവിന്ദ് രംഗനാഥന്‍ (മൃദംഗം), അനില്‍കുമാര്‍ ആദിച്ചനല്ലൂര്‍ (ഘടം) എന്നിവര്‍ ചേര്‍ന്ന് പക്കമേളമൊരുക്കും.

സമാപന ദിനമായ നവംബര്‍ പത്തിന് ത്യാഗരാജ സ്വാമികള്‍ ദിനമായി ആഘോഷിക്കും. രാവിലെ 10.30ന് ത്യാഗരാജ ആരാധന, പഞ്ചരത്‌ന കീര്‍ത്തനാലാപനം. വൈകിട്ട് ഏഴിന് കലാശ്രീ എസ്.ആര്‍.മഹാദേവ ശര്‍മ, കലാശ്രീ.എസ്.ആര്‍.രാജശ്രീ എന്നിവരുടെ വയലിന്‍ ഡ്യൂയറ്റ് നടക്കും. ഇതിന് ആര്‍.രമേഷ് (മൃദംഗം), കലൈമാമണി വൈക്കം ആര്‍.ഗോപാലകൃഷ്ണന്‍ -ചെന്നൈ (ഘടം) എന്നിവര്‍ ചേര്‍ന്ന് പക്കമേളമൊരുക്കും.

 

Leave a Reply

Your email address will not be published. Required fields are marked *