Your Image Description Your Image Description

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം ഉടനാരംഭിക്കും. നേരത്തേ കേസന്വേഷിച്ച എ.സി.പി വി.കെ. രാജുവിനാണ് അന്വേഷണച്ചുമതല. ഇതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട കോടതിയുടെ അനുമതി തേടാൻ റിപ്പോർട്ട് സമർപ്പിക്കും. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തൽ വന്നതിനുപിന്നാലെ മുഖ്യമന്ത്രി ഡി.ജി.പിയെ വിളിച്ച് തുടരന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു. അപ്പോഴും പോലീസിന് തുടരന്വേഷണത്തിൻ്റെ സാധ്യതകളിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. തുടരന്വേഷണം നടത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്.തിരൂർ സതീഷിൻ്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇതിനുശേഷമായിരിക്കും ഇരിങ്ങാലക്കുട കോടതിയിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ട് നൽകുക.

കോടതിയുടെ അനുമതിയോടെയാണ് തുടരന്വേഷണം നടത്തുക. കള്ളപ്പണം വെളിപ്പെടുത്തൽ, ഹവാല ഇടപാട് പോലുള്ള വെളിപ്പെടുത്തലായതിനാൽ എത്രത്തോളം മുന്നോട്ടുപോകാൻ കഴിയുമെന്ന ആശയക്കുഴപ്പം പോലീസിൽ ഇപ്പോഴുമുണ്ട്. അതുകൊണ്ട് സതീശിന്റെ മൊഴി രേഖപ്പെടുത്തിയശേഷം അതിൽ എത്രത്തോളം വാസ്ത‌വുമുണ്ടെന്നാകും പോലീസ് ആദ്യം പരിശോധിക്കുക. ഇതിൽ തങ്ങൾക്ക് അന്വേഷിക്കാൻ എന്തെങ്കിലുമുണ്ടെങ്കിൽ അതുമായി പോലീസ് മുന്നോട്ടുപോകും.അല്ലാത്തപക്ഷം ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇ.ഡിക്ക് വീണ്ടും കത്തുനൽകുന്നതും പോലീസിൻ്റെ പരിഗണനയിലുണ്ട്. ഏതായാലും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം തുടങ്ങിവെയ്ക്കാനാണ് പോലീസിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *