Your Image Description Your Image Description

നെടുങ്കണ്ടം: അഗ്നിരക്ഷാസേനക്ക് ആസ്ഥാനം നിർമിക്കാൻ നാലുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ സേനക്ക് പുതുജീവൻ.2016ലാണ് യൂനിറ്റ് കിഴക്കേകവല പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചത്. കമ്യൂണിറ്റി ഹാൾ കെട്ടിടത്തിലാണ് സേനയുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതിനോട് ചേർന്ന പഞ്ചായത്ത് വക കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് വിട്ടുകിട്ടിയ ക്വാർട്ടേഴ്‌സുകളിലാണ് ജീവനക്കാർക്ക് താമസ സൗകര്യം. 24 ഫയർമാൻമാർ, നാല് ലീഡിങ് ഫയർമാൻമാർ, ആറ് ഡ്രൈവർമാർ, മെക്കാനിക്കൽ ഡ്രൈവർ, എൽ.ഡി ക്ലാർക്ക്, സ്റ്റേഷൻ ഓഫിസർ, അസി. ഓഫിസർ, പി.ടി.എസ് ഉൾപ്പെടെ 39 ജീവനക്കാർ, രണ്ട് വലിയ വാഹനങ്ങൾ, ആംബുലൻസ്, ജീപ്പ്, എന്നിവ അടങ്ങിയ പൂർണതോതിലുള്ള യൂനിറ്റ് നെടുങ്കണ്ടത്ത് ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒമ്പത് വർഷമായി അടിസ്ഥാന സൗകര്യങ്ങളില്ലാതെ മുടന്തി നീങ്ങുകയാണ് നെടുങ്കണ്ടത്തെ ഉടുമ്പൻചോല താലൂക്ക് അഗ്നിരക്ഷാസേന യൂനിറ്റ്. നെടുങ്കണ്ടം ഗവ. വൊക്കേഷനൽ ഹയർ സെക്കഡറി സ്‌കൂളിന് സമീപത്ത് സേനക്കുവേണ്ടി പഞ്ചായത്തു വിട്ടുനൽകിയ 84 സെൻ്റ് സ്ഥലത്താണ് കെട്ടിടം നിർമിക്കാൻ നാല് കോടിയുടെ ഭരണാനുമതി ലഭിച്ചത്.കെട്ടിടം നിർമിച്ച് അങ്ങോട്ടേക്ക് യൂനിറ്റ് മാറിയാൽ മാത്രമേ ആവശ്യത്തിന് ജീവനക്കാരും മതിയായ താമസ സൗകര്യവും വെള്ളം സംഭരിക്കൽ തുടങ്ങിയവ ഒരുക്കാനാവു.എന്നാൽ, ആരംഭിച്ചത് മിനി യൂനിറ്റാണ്. ഇതിൻ്റെ പ്രവർത്തനംപോലും കാര്യക്ഷമമല്ല. പുതിയ കെട്ടിടം നിർമിക്കുന്നതോടെ അപ്‌ഗ്രേഡ് ചെയ്‌ത്‌ കുറഞ്ഞപക്ഷം സിംഗിൾ സ്റ്റേഷനെങ്കിലും ആക്കുമെന്ന പ്രതീക്ഷയിലാണ് നെടുങ്കണ്ടം നിവാസികൾ.

Leave a Reply

Your email address will not be published. Required fields are marked *