Your Image Description Your Image Description

അടൂർ: സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി നടപ്പാക്കി തുടങ്ങിയെങ്കിലും ലക്ഷ്യം കാണാത്ത സ്ഥിതിയാണ് കടമ്പനാട് പഞ്ചായത്തിൽ തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തി നായ് ശല്യം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡുകളിലും പൊതു സ്ഥലങ്ങളിലും തമ്പടിക്കുന്ന തെരുവുനായ്ക്കൾ നാട്ടുകാരുടെയും യാത്രക്കാരുടെയും ഉറക്കം കെടുത്തുന്നു. മണ്ണടിതാഴം മുടിപ്പുര, പള്ളീനഴികത്ത്പടി, ദേശക്കല്ലുംമൂട്, ദളവ ജങ് ഷൻ, നടുവിലക്കര, കന്നിമല,മൃഗാശുപത്രി ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ വിഹരിക്കുന്നത്.
പള്ളീനഴികത്ത് അമ്പതോളം നായ്ക്കളാണ് ചുറ്റിത്തിരിയുന്നത്. അടൂരിലേക്കുള്ള പ്രധാന പാതയായ മൂടി പുരയിലെയും ഗ്രാമീണ റോഡുകളിലേയും നായ്ക്കൂട്ടം സ്‌കൂൾ കുട്ടികൾക്കും ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാണ്.മണ്ണടി ചന്ത ജങ്ഷനിലും മുടിപ്പുര-ദേശക്കല്ലുംമൂട് റോഡിലും ജനങ്ങൾക്ക് നടക്കാനാകാത്ത സ്ഥിതിയാണ്. സ്കൂ‌ളുകളിലേക്ക് പോകുന്ന കുട്ടികൾക്ക് പിന്നാലെ കുരച്ച് ചാടുന്ന നായ്ക്കൾ മുതിർന്നവർ ഓടിച്ചാലും പിന്മാറില്ല. കടമ്പനാട് ഗ്രാമപഞ്ചായത്തിൻ്റെ നിയന്ത്രണത്തിലാണ് പ്രവർത്തനക്ഷമതയറ്റ ചന്തകളിലും സ്കൂ‌ളുകളിലും പൊതുസ്ഥലങ്ങളിലും നായ്ക്കൾ തമ്പടിച്ചിരിക്കുന്നത്.നായ്പ്പേടിയിൽ നാട് കഴിയുമ്പോൾ ഇവയുടെ വന്ധ്യംകരണം കഴിഞ്ഞ 10 വർഷമായി നടക്കുന്നില്ലന്നും കൃത്യമായ ഇടവേളകളിൽ വന്ധ്യംകരണം നടന്നിരുന്നെങ്കിൽ എണ്ണം പെരുകുന്നത് തടയാനാകുമായിരുന്നെന്നും പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകനായ അവിനാഷ് പള്ളീനഴികത്ത് പറഞ്ഞു. കടമ്പനാട് പഞ്ചായത്തിൽ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രങ്ങളില്ല.

Leave a Reply

Your email address will not be published. Required fields are marked *