Your Image Description Your Image Description

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു മച്ചാട് വാസന്തിയുടെ പിതാവ് മച്ചാട് കൃഷ്ണൻ. പാർട്ടി പരിപാടികളിൽ വിപ്ലവ ഗാനങ്ങൾ പാടുമായിരുന്ന കൃഷ്ണന്റെ മകളെ ആദ്യമായി സ്റ്റേജിലെത്തിക്കുന്നത് ഇകെ നായനാരാണ്. വാസന്തി പാടുമെന്നറിഞ്ഞപ്പോൾ അവളെ വേദിയിലെത്തിക്കാൻ നായനാർ നിർദ്ദേശം നല്‍കി. അന്ന് വാസന്തിക്ക് 9 വയസ്സ്. അങ്ങനെ കിസാൻസഭാ സമ്മേളന വേദിയില്‍ അരങ്ങേറ്റം.വാസന്തിയുടെ അച്ഛൻറെ അടുത്ത കൂട്ടുകാരനായിരുന്ന എംഎസ് ബാബുരാജില്‍ നിന്നാണ് വാസന്തി സംഗീതം പഠിച്ചത്. അദ്ദേഹം. ഇതിനായി വാസന്തിയുടെ കുടുംബം കോഴിക്കോട്ടേക്ക് മാറി. കല്ലായിയിലുള്ള ബാബുരാജിന്റെ താമസസ്ഥലത്ത് ദിവസവും രാവിലെ വാസന്തി എത്തും. പിന്നീട് ആദ്യമായി ബാബുരാജ് സംഗീത സംവിധാനം നിർവ്വഹിച്ചപ്പോൾ തിരമാല എന്ന സിനിമയിൽ ആദ്യത്തെ അവസരം. എന്നാൽ മിന്നാമിനുങ്ങ് എന്ന രണ്ടാമത്തെ ചിത്രമേ പുറത്തിറങ്ങിയുള്ളൂ. ആര് ചൊല്ലീടും എന്ന ഗാനമാണ് വാസന്തി ആലപിച്ചത്. 1957ലായിരുന്നു ഇത്.കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി അടക്കമുള്ള നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് വാസന്തി. നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ ആൻറണിയുടെ ഉഴുവുചാൽ, കുതിര വട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്സിന്റെ കറുത്ത പെണ്ണ് തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. തിക്കോടിയൻറെ നിരവധി നാടകങ്ങളിൽ വാസന്തി പാടുകയും അഭിനയിക്കുകയും ചെയ്തു.തത്തമ്മേ തത്തമ്മേ, ആരു ചൊല്ലീടും, കൊല്ലത്തു നിന്നൊരു പെണ്ണ്, കുഞ്ഞിപ്പെണ്ണിനു, മണിമാരൻ തന്നത്, ചിത്രലേഖേ പ്രിയംവദേ, അലര്‍ശര പരിതാപം, പത്തിരി ചുട്ടു വിളമ്പി വിളിച്ചത്, തത്തക തത്തക തുടങ്ങിയവയാണ് സിനിമയിലെ മച്ചാട് വാസന്തിയുടെ ഗാനങ്ങൾ. നാടകത്തിലും സിനിമയിലും ആകാശവാണിയിലുമൊക്കെയായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് മച്ചാട് വാസന്തി. സിനിമയെക്കാൾ വാസന്തിയെ സ്വീകരിച്ചത് നാടകലോകമായിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് നിർമ്മിക്കപ്പെട്ട നിരവധി നാടകങ്ങളിൽ അവർ അഭിനേത്രിയും ഗായികയുമായി.മണിമാരൻ തന്നത് പണമല്ല പൊന്നല്ല എന്നു തുടങ്ങുന്ന ഹിറ്റ് ഗാനം യേശുദാസിനൊപ്പം ആലപിച്ചത് മച്ചാട് വാസന്തിയായിരുന്നു. മീശമാധവനിലെ പത്തിരി ചുട്ടു വിളമ്പിവിളിച്ചത് എന്ന ഗാനമാണ് ഏറ്റവുമൊടുവിൽ ഹിറ്റായ വാസന്തിയുടെ ഗാനം. 2002ലായിരുന്നു ഇത്. 2006ൽ വടക്കുംനാഥൻ എന്ന ചിത്രത്തില്‍ രവീന്ദ്രന്റെ സംഗീതത്തിൽ മച്ചാട് വാസന്തി പാടി.

 

Leave a Reply

Your email address will not be published. Required fields are marked *