Your Image Description Your Image Description

എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാളായ റാഫേൽ നദാൽ കായികരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നദാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.നവംബർ എട്ടിന് നടക്കാനിരിക്കുന്ന ഡെവിസ് കപ്പായിരിക്കും സ്പെയിനിനായി ഒരു പ്രൊഫഷണൽ ടെന്നീസ് കളിക്കാരനെന്ന നിലയിൽ താൻ ഇറങ്ങുന്ന അവസാനത്തെ ടൂർണ്ണമെന്റെന്നും നദാൽ പറഞ്ഞു. എക്കാലത്തെയും മികച്ച കായികതാരങ്ങളിൽ ഒരാളാണ് റാഫേൽ നദാൽ. റാഫാ നേടിയ 22 ഗ്രാൻഡ്സ്ലാം കിരീടങ്ങളിൽ 14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളും ഉൾപ്പെടുന്നു. 36 മാസ്റ്റേഴ്‌സ് കിരീടങ്ങളും ഒരു ഒളിമ്പിക് സ്വർണ്ണ മെഡലും ഉൾപ്പെടെ ആകെ 92 എടിപി സിംഗിൾസ് കിരീടങ്ങളും നദാലിന്റെ പേരിലുണ്ട്. സിംഗിൾസിൽ കരിയർ ഗോൾഡൻ സ്ലാം പൂർത്തിയാക്കിയ മൂന്ന് പുരുഷന്മാരുടെ ടെന്നീസ് ചരിത്രത്തിൽ ഒരാളെന്ന അതുല്യ റെക്കോർഡും നദാലിന് സ്വന്തം.

“ഞാൻ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കുകയാണ്. കുറച്ച് ബുദ്ധിമുട്ടുള്ള കാലമായിരുന്നു കഴിഞ്ഞ രണ്ട് വർഷങ്ങൾ എന്നതാണ് യാഥാർത്ഥ്യം, വീഡിയോയിൽ നദാൽ പറഞ്ഞു. “ഇത് വ്യക്തമായും ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ്, ഈ തീരുമാനമെടുക്കാൻ എനിക്ക് കുറച്ച് സമയം വേണ്ടിവന്നു. എന്നാൽ ജീവിതത്തിൽ എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്.”റാഫാ വികാരാധിനനായി തന്റെ വാക്കുകൾ പറഞ്ഞവസാനിപ്പിച്ചു.

കഴിഞ്ഞ മാസം, നദാൽ ലേവർ കപ്പിൽ നിന്ന് പിന്മാറിയിരുന്നു. അത് ഒരു പ്രൊഫഷണലായി കോർട്ടിലെ റാഫയുടെ അവസാന ഇവന്റായിരുന്നു. 2024 ലെ പാരീസ് ഒളിമ്പിക്‌സിന് ശേഷം, തന്റെ അടുത്ത ഇവന്റ് ലാവർ കപ്പായിരിക്കുമെന്ന് നദാൽ സ്ഥിരീകരിച്ചിരുന്നു. 2017ൽ പ്രാഗിലും 2019ൽ ജനീവയിലും തുടർന്ന് ഡബിൾസിൽ അടുത്ത സുഹൃത്തും ദീർഘകാല എതിരാളിയുമായ റോജർ ഫെഡററിനൊപ്പം 2022ൽ ലണ്ടനിലെ ദി ഒ2ൽ ഫെഡററുടെ കരിയറിലെ അവസാന മത്സരത്തിലും പങ്കെടുത്ത നദാലിന്റെ നാലാമത്തെ ലേവർ കപ്പ് മത്സരമായിരുന്നു ബെർലിൻ. 22 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ താരം 2024 തന്റെ കായികജീവിതത്തിലെ അവസാന വർഷമായിരിക്കുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു. സീസണിൽ നദാലിന് 12-7 മാച്ച് റെക്കോർഡുണ്ട്. അവസാനമായി പാരീസ് ഒളിമ്പിക്സിലാണ് മത്സരിച്ചത്. അവിടെ അദ്ദേഹം രണ്ടാം റൗണ്ടിൽ നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ടിരുന്നു.

എന്തൊരു കരിയർ, റാഫ! ഈ ദിവസം ഒരിക്കലും വരില്ലെന്ന് ഞാൻ എപ്പോഴും പ്രതീക്ഷിച്ചിരുന്നു. ഞങ്ങൾ ഇഷ്‌ടപ്പെടുന്ന ഗെയിമിലെ അവിസ്മരണീയമായ ഓർമ്മകൾക്കും നിങ്ങളുടെ എല്ലാ അവിശ്വസനീയമായ നേട്ടങ്ങൾക്കും നന്ദി. ഇതൊരു സമ്പൂർണ്ണ ബഹുമതിയാണ്! ” റാഫയുടെ എക്കാലത്തേയും എതിരാളിയും സന്തതസഹചാരിയുമായ റോജർ ഫെഡറർ വിരമിക്കൽ വാർത്തയോട് പ്രതികരിച്ചതിങ്ങനെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *