Your Image Description Your Image Description

ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന ഔദ്യോഗിക വസതിയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളുടെ ഇടയിലിരുന്ന് ഫയലുകള്‍ പരിശോധിക്കുന്ന ചിത്രം പുറത്ത്. എ.എ.പി. നേതാവ് സഞ്ജയ് സിങ് ആണ് അതിഷി മർലേനയുടെ ചിത്രം പങ്കുവച്ചത്. അതിഷി ഉപയോഗിച്ചിരുന്ന വസ്തുവകകൾ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ടുമെന്റ് (പി.ഡബ്ല്യു.ഡി.) വസതിയില്‍നിന്ന് നീക്കം ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സഞ്ജയ് സിങ് ‘എക്‌സി’ലൂടെ അതിഷി ജോലി ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ചത്.

നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ ഒരു വനിതാ മുഖ്യമന്ത്രിയുടെ വസ്തുവകകൾ വലിച്ചെറിഞ്ഞ ബി.ജെ.പി സര്‍ക്കാരിനെയും സഞ്ജയ് സിങ് വിമര്‍ശിക്കുന്നുണ്ട്. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു വനിതാ മുഖ്യമന്ത്രിയോട് കാണിക്കുന്ന അപമര്യദയാണെന്നും അതീഷിയുടെ വസ്തുവകകൾ വസതിയില്‍നിന്നും ഒഴിപ്പിച്ചതിനു പിന്നില്‍ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയാണെന്നും സഞ്ജയ് സിങ്ങ് ആരോപിച്ചു.

മൂന്ന്ദിവസം മുമ്പാണ് അതിഷി ഈ വസതിയിലേക്ക് താമസം മാറ്റിയത്. ഇതിനുമുമ്പ് മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍നിന്നു മുഖ്യമന്ത്രിയുടെ തന്നെ വസ്തുവകകൾ പി.ഡബ്ല്യു.ഡി. അനധികൃതമായി ഒഴിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ എക്‌സില്‍ പങ്കുവെച്ചിട്ടുള്ളത്. അതേസമയം, ഈ വസതി ഔദ്യോഗികമായി അതിഷിക്ക് നല്‍കിയിട്ടില്ലെന്നും അതുകൊണ്ടാണ് സാധനങ്ങള്‍ ഒഴിപ്പിച്ചതെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകിയ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *