Your Image Description Your Image Description

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ അജണ്ട അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് പി ടി ഉഷ. പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള നീക്കത്തില്‍ പ്രതികരിക്കുകയായിരുന്നു പി ടി ഉഷ. കല്യാണ്‍ ചൗബെ പുറത്തിറക്കിയ അജണ്ട നിയമവിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന് ഉഷ പറഞ്ഞു. കല്യാണ്‍ ചൗബയുടെ നേതൃത്വത്തില്‍ അസോസിയേഷന് വിരുദ്ധമായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പി.ടി. ഉഷ ആരോപിച്ചു. ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് അവര്‍ മാധ്യമങ്ങളോട് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.

എക്‌സിക്യുട്ടീവ് കൗണ്‍സിലിലെ പല അംഗങ്ങളും ഇപ്പോഴും ഉഷയ്‌ക്കെതിരാണ്. ഈ മാസം 25-ന് നടക്കാനിരിക്കുന്ന ഐ.ഒ.എ.യുടെ മീറ്റിങ്ങിനായി പി.ടി. ഉഷയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളും വെവ്വേറെ അജണ്ടകള്‍ തയ്യാറാക്കിയിരുന്നു. ഒക്ടോബര്‍ മൂന്നിന് ഉഷ ഐ.ഒ.എ. അംഗങ്ങള്‍ക്കയച്ച കത്തിലെ അജണ്ടയില്‍ 16 വിഷയങ്ങളാണ് ഉണ്ടായിരുന്നത്. അതേസമയം, ഉഷയ്‌ക്കെതിരായ അവിശ്വാസപ്രമേയം ഉള്‍പ്പെടുത്തി എതിര്‍കക്ഷികള്‍ തയ്യാറാക്കിയ അജണ്ടയില്‍ 26 വിഷയങ്ങളാണുള്ളത്.

ഒക്ടോബര്‍ 10-ന് രാവിലെയാണ് രണ്ട് അജണ്ടകളും പുറത്തുവന്നത്. ഐ.ഒ.എ.യുടെ ആക്ടിങ് സി.ഇ.ഒ. എന്ന വ്യാജേനയാണ് കല്യാണ്‍ ചൗബേ അജണ്ട പുറത്തിറക്കിയിരിക്കുന്നത് എന്നാണ് ഒളിമ്പിക് അസോസിയേഷന്റെ വാദം. യഥാര്‍ത്ഥ സി.ഇ.ഒ. രഘുറാം അയ്യര്‍ ആണെന്നും ഐ.ഒ.എ. വ്യക്തമാക്കി. കല്യാണ്‍ ചൗബെയുടെ നേതൃത്വത്തില്‍ ചില അംഗങ്ങള്‍ അസോസിയേഷന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നും ഉഷ ആരോപിച്ചു.

ഈ മാസം 25-ന് നടക്കുന്ന ഐ.ഒ.എ. കൗണ്‍സില്‍ യോഗത്തില്‍ ഇതില്‍ ഏത് അജണ്ടയിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക എന്നത് വ്യക്തമല്ല. യോഗ്യതാ മാനദണ്ഡവുമായി ബന്ധപ്പെട്ട് പി.ടി. ഉഷ പല കൗണ്‍സില്‍ അംഗങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നു. 15 അംഗ കൗണ്‍സിലില്‍ 12 പേരും ഉഷയ്‌ക്കെതിരാണ്. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം വോട്ടെടുപ്പിലേക്ക് എത്തിയാല്‍ അത് ഉഷയ്ക്ക് തിരിച്ചടിയായേക്കും.

Leave a Reply

Your email address will not be published. Required fields are marked *