Your Image Description Your Image Description

ശ്രീന​ഗർ: ഒമർ അബ്ദുള്ള ജമ്മു കശ്മീരിന്‍റെ മുഖ്യമന്ത്രിയാവും. നാഷണൽ കോൺഫറൻ്‍സ് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനമെടുത്തു. യോഗം തന്നെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയാണെങ്കിൽ മുന്നോട്ടുപോകുമെന്ന് ഒമർ അബ്ദുള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.

ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ളയെത്തുമെന്ന് നേരത്തെ എൻസി മുതിർന്ന നേതാവ് ഫാറൂഖ് അബ്ദുള്ള അറിയിച്ചിരുന്നു. ഫാറൂഖ് അബ്ദുള്ളയുടെ പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്നും സംസ്ഥാന പദവിക്കായി പ്രധാനമന്ത്രിയെ കാണുമെന്നും ഒമർ അബ്ദുള്ള പ്രതികരിച്ചു.

അതേസമയം കോൺ​ഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകില്ലെന്ന നിലപാടിലാണ് നാഷണൽ കോൺഫറൻസ്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പകരം നാല് മന്ത്രിമാരെ നൽകണമെന്നാണ് കോൺ​ഗ്രസിന്റെ ആവശ്യം. എന്നാൽ രണ്ട് മന്ത്രിസ്ഥാനവും ക്യാബിനറ്റ് പദവിയുള്ള ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും നൽകാമെന്നാണ് നാഷണൽ കോൺഫറൻസിന്റെ വാ​ഗ്ദാനം. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് കോൺ​ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു, സ്വതന്ത്ര എംഎൽഎമാർ നാഷണൽ കോൺഫറൻസിന് പിന്തുണയറിയിച്ചതോടെ കോൺ​ഗ്രസിന്റെ പിന്തുണയില്ലെങ്കിലും മന്ത്രിസഭ നിലനിർത്താനാകുമെന്ന ചർച്ചകളും നാഷണൽ കോൺഫറൻസിൽ സജീവമാണ്. അടുത്ത തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

പത്ത് വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ്-കോൺ​ഗ്രസ് സഖ്യമാണ് ലീഡ് നിലനിർത്തിയത്. 90 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷം മറികടന്ന് 52 സീറ്റിലാണ് സഖ്യത്തിന്റെ ലീഡ്. മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങി. ജമ്മു കശ്മീരിലേത് ജനാധിപത്യത്തിന്റെ വിജയമാണെന്നായിരുന്നു ഫലപ്രഖ്യാപനത്തിന് പിന്നാലെ നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറുഖ് അബ്ദുള്ളയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *