Your Image Description Your Image Description

കോട്ടയം: കേന്ദ്രത്തിന്റെ കനിവ് തേടുകയാണ്‌ പമ്പാവാലി, ഏയ്ഞ്ചല്‍വാലി പ്രദേശവാസികള്‍. പരിവേഷ് പോര്‍ട്ടല്‍ വഴി കേന്ദ്ര വന്യജീവി ബോര്‍ഡിനു കൈമാറിയ രേഖകളിലെ അവ്യക്തത തിരിച്ചടിയായിരുന്നു.

ഇതോടെ കൃത്യവും വ്യക്തവുമായ നിലപാട്‌ അറിയിക്കാന്‍ കേന്ദ്ര വന്യജീവി ബോര്‍ഡ് ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ പ്രദേശങ്ങളെ പെരിയാര്‍ കടുവാ സങ്കേതത്തിന്റെ പരിധിയില്‍ നിന്നു ഒഴിവാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോടു വീണ്ടും ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം തീരുമാനിച്ചു.

ഇക്കുറിയെങ്കിലും വനം വകുപ്പ് കൃത്യമായ വിവരങ്ങള്‍ കേന്ദ്രത്തെ അറിയിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമാകും പമ്പാവാലി, എയ്ഞ്ചല്‍വാലി മേഖലയിലെ ജനങ്ങള്‍ നേരിടേണ്ടി വരുക. കേന്ദ്രം അനുവധിച്ച സമയ പരിധി അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണു ബാക്കി.

കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട അധിക വിവരങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്തു ശിപാര്‍ശ സമര്‍പ്പിക്കും. ഒക്ടോബര്‍ 9നു ചേരുന്ന ദേശീയ വന്യജീവി ബോര്‍ഡ് യോഗമാണു കേരളത്തിന്റെ ആവശ്യം പരിഗണിക്കുക.

പഞ്ചായത്തും കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കളും കര്‍ഷക സംഘടനകളും വൈദികരും സമുദായ സംഘടനകളും തുടങ്ങി എല്ലാവരും പമ്പാവാലി, എയ്ഞ്ചല്‍വാലി മേഖലകളെ ഒഴിവാക്കണമെന്ന ആവശ്യത്തിനു ജനങ്ങള്‍ക്ക് ഒപ്പം നിന്നതോടെയാണു നടപടികള്‍ക്കു വേഗം വെച്ചത്.

പ്രശ്‌നത്തിന്റെ ഗൗരവം ജനങ്ങളില്‍ എത്തിക്കുന്നതു മുതല്‍ സര്‍ക്കാരിന്റെ മുന്നില്‍ എത്തിക്കുന്നതുവരെ വിശ്രമമില്ലാതെ ജനപ്രതിനിധികളും ബഫര്‍സോണ്‍ വിരുദ്ധ ജനകീയ സമിതി ഭാരവാഹികളും ഇതിനായി പ്രയത്‌നിച്ചു.

വനംവകുപ്പ് ഓഫീസിലേക്കു നടന്ന ജനകീയ മാര്‍ച്ചിനെ തുടര്‍ന്നു ജനപ്രതിനിധികളും സമരസമിതി നേതാക്കളും അടക്കം 63 പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസും എടുക്കുകപോലും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *