Your Image Description Your Image Description

സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തെലുങ്ക് നൃത്തസംവിധായകൻ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍. ഷൈഖ് ജാനി ബാഷയ്‌ക്കെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണത്തിന്റെ ഗൗരവവും നടപടികളും കണക്കിലെടുത്ത് അദ്ദേഹത്തിന് പ്രഖ്യാപിച്ച 2022-ലെ മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കാന്‍ തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയും നാഷണല്‍ ഫിലിം അവാര്‍ഡ് സെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ഇതിനൊപ്പം ഒക്ടോബര്‍ എട്ടിന് ന്യുഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിനുള്ള അദ്ദേഹത്തിന്റെ ക്ഷണം പിന്‍വലിച്ചതായും മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അവാര്‍ഡ് റദ്ദാക്കിയ വിവരം അറിയിച്ചത്. ‘തിരുചിട്രമ്പലം’ എന്ന ചിത്രത്തിലെ ‘മേഘം കറുക്കാത’ എന്ന പാട്ടിന്റെ നൃത്തസംവിധാനത്തിനാണ് ജാനി മാസ്റ്റര്‍ക്ക് ദേശിയ അവാര്‍ഡ് ലഭിച്ചത്.

എന്നാല്‍, ദേശീയ അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ജാനി മാസ്റ്റര്‍ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തുവരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19-നാണ് സൈബരാബാദ് പോലീസ് ഗോവയില്‍ വെച്ച് ജാനി മാസ്റ്ററിനെ അറസ്റ്റുചെയ്യുന്നത്. പീഡനാരോപണത്തെ തുടര്‍ന്ന് ഒളിവിലായ ഇയാളെ സൈബരാബാദ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമാണ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബര്‍ മാസം 16-നാണ് ജാനി മാസ്റ്റര്‍ക്കെതിരേ യുവതി ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയത്. ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു യുവതി. സിനിമ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് മുതലായ സ്ഥലങ്ങളില്‍ വെച്ച് ജാനി മാസ്റ്റര്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നര്‍സിങ്കിയിലുള്ള വസതിയില്‍വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി റായ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയിലുണ്ടായിരുന്നു.

പ്രായപൂര്‍ത്തിയാകുന്നതിനും മുന്‍പ് ലൈംഗികചൂഷണം നടത്തിയെന്ന വെളിപ്പെടുത്തലില്‍ സെപ്റ്റംബര്‍ 18-നാണ് സൈബരാബാദ് കമ്മീഷണറേറ്റിന് കീഴിലുള്ള നര്‍സിങ്കി പോലീസ് പോക്സോ കേസ് ചുമത്തിയത്. തുടര്‍ന്നാണ് ജാനി മാസ്റ്റര്‍ ഒളിവില്‍പ്പോയത്. സ്വന്തം കൈപ്പടയിലെഴുതിയ നാല്‍പ്പത് പേജുള്ള പരാതിയും അനുബന്ധ രേഖകളും യുവതി തെലങ്കാന വനിതാ കമ്മീഷന് കൈമാറിയിരുന്നു. യുവതിക്ക് സുരക്ഷ ഉറപ്പാക്കാന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നെരേലാ ശാരദ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *