Your Image Description Your Image Description

നിലവിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ സത്യം. ഈ വർഷം പുറത്തിറങ്ങി വൻ വിജയമായി തീർന്ന ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകൾക്ക് ജീവൻ നൽകിയത് സുഷിന്റെ പാട്ടുകൾ തന്നെയാണ്. അഭിനേതാക്കൾ സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നത് പോലെ സൂക്ഷമായി തന്നെയാണ് സുഷിനും ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. സുഷിന്റെ കയ്യൊപ്പുള്ള ചിത്രങ്ങൾ കോടികളാണ് വാരിക്കൂട്ടുന്നതും. ഇപ്പോഴിതാ തന്റെ ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളിലെ വർക്കുകൾ ഗ്രാമി അവാർഡിൻ്റെ പരിഗണനയ്ക്കായി ഔദ്യോഗികമായി സമർപ്പിച്ചിരിക്കുകയാണ് താരം. ബെസ്റ്റ് കോംപിലേഷൻ ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് ആവേശവും ബെസ്റ്റ് സ്കോർ സൗണ്ട്ട്രാക്ക് ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് മഞ്ഞുമ്മലുമാണ് സുഷിൻ അയച്ചിരിക്കുന്നത്. സുഷിൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

സുഷിന്റെ പോസ്റ്റിന് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഈ വർഷത്തെ പുരസ്‌കാരം സുഷിൻ സ്വന്തമാക്കുന്നതിനായി കാത്തിരിക്കുന്നതായി പലരും കുറിച്ചു. ‘ആൻഡ് ദി ഗ്രാമി ഗോസ് ടു…’, ‘ഗ്രാമി പോരട്ടെ’, ‘ഇത് സുഷിൻവുഡ്’ ഇങ്ങനെ പോകുന്നു സുഷിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകൾ.

മലയാളത്തിൽ ഈ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയുണ്ട് ആവേശത്തിലെയും മഞ്ഞുമ്മൽ ബോയ്‌സിലെയും ഗാനങ്ങൾ. ഒപ്പം ഇരുസിനിമകൾക്കും സുഷിൻ നൽകിയ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുസിനിമകളുടെയും നട്ടെല്ല് എന്നാണ് സുഷിന്റെ സംഗീതത്തെ പലരും വിശേഷിപ്പിച്ചതും.

നിലവിൽ ബോഗയ്‌ന്‍വില്ലയാണ് സുഷിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയിലെ രണ്ട് ഗാനങ്ങൾ ഇതിനകം റിലീസ് ചെയ്തിട്ടുണ്ട്. ‘സ്തുതി…’, ‘മറവികളെ…’ എന്നീ രണ്ടുഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഈ മാസം 17 ന് തിയേറ്ററുകളിലെത്തും.

ദ ഡൗണ്‍ ട്രൊഡന്‍സ് എന്ന പ്രശസ്തമായ മെറ്റല്‍ ബാന്റിലെ കീബോഡിസ്റ്റ് കൂടിയാണ് സുഷിൻ ശ്യാം. വളരെ ചെറിയ പ്രായത്തിൽ തന്നെ കീബോർഡ് പരിശീലനം നേടിയ സുഷിൻ ശ്യാം സ്കൂൾ കാലഘട്ടത്തിൽ നിരവധി സംസ്ഥാനതല പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

സ്കൂൾ പഠനത്തിന് ശേഷം എഞ്ചിനീയറിംഗിന് ചേർന്നെങ്കിലും സംഗീതത്തോടുള്ള ഇഷ്ടംകൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട്, മലയാളത്തിലെ സംഗീത സംവിധായനായ ദീപക് ദേവിന്റെ സഹായി ആയി 2 വർഷത്തോളം ജോലി ചെയ്തു.

2014ല്‍ സപ്തമശ്രീ തസ്ക്കരാ: എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്തു. ഷാനവാസ് ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *