Your Image Description Your Image Description

തിരുവനന്തപുരം : മനുഷ്യൻ മറ്റ് ആവാസ വ്യവസ്ഥകളിലേക്ക് കടന്നു കയറരുതെന്നും വനവും വന്യജീവികളും പ്രകൃതിയുടെ ഭാഗമാണെന്ന ചിന്ത നിലനിർത്തണമെന്നും മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ വന്യജീവി വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 1952 മുതൽ ഇന്ത്യയിലെമ്പാടും വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു വരുന്നു. വനം, വന്യജീവി സംരക്ഷണത്തിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനാണ് ഒക്ടോബർ 2 മുതൽ 8 വരെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത്. മനുഷ്യ സമൂഹത്തിന്റെ അനിയന്ത്രിതമായ ഇടപെടലുകൾ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു.

ചൂരൽ മലയിലടക്കമുണ്ടായ ദുരന്തങ്ങൾ ഇതിന്റെ ഉദാഹരണങ്ങളാണ്. സഹവർത്തിത്വത്തിൽ നിന്ന് വന്യജീവി സംരക്ഷണം എന്ന ആശയം ഉയർത്തിയാണ് മ്യൂസിയം, മൃഗശാല വകുപ്പ് വാരാചരണം സംഘടിപ്പിക്കുന്നത്. ഒരു വിനോദ സഞ്ചാര കേന്ദ്രമെന്നതിലുപരി മൃഗങ്ങളുടെ തനതായ ആവാസ വ്യവസ്ഥ ഉറപ്പുവരുത്താൻ മൃഗശാല ശ്രമിക്കുന്നുണ്ട്. നിലവിലെ മൃഗങ്ങളെ കൂടാതെ ജിറാഫടക്കമുള്ളവയെ മൃഗശാലയിലേക്കെത്തിക്കാനുള്ള പരിപാടികളുമായി വകുപ്പ് മുന്നോട്ട് പോകുന്നു. ഹനുമാൻ കുരങ്ങ് ചാടിപ്പോയ സാഹചര്യത്തിൽ മാതൃകാപരമായ പ്രവർത്തനത്തിലൂടെ അവയെ തിരികെയെത്തിച്ച മൃഗശാല ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വനത്തിനുള്ളിൽ വെള്ളം അടക്കമുള്ള വിഭവങ്ങൾ കുറയുകയും വന്യജീവികൾ നാട്ടിലേക്കെത്തുകയും ചെയ്യുന്ന സാഹചര്യവും നിലവിലുണ്ട്. പ്രകൃതി സൗഹൃദമായ പ്രവർത്തനങ്ങളിലൂടെ ജലലഭ്യത വനത്തിനുള്ളിൽ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഇതിന് പൊതു സമൂഹത്തിന്റെയാകെ പിൻതുണ ആവശ്യമാണ്. വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ മത്സരങ്ങൾ പുതുതലമുറക്ക് വനം, വന്യ ജീവി സംരക്ഷണത്തിന്റെ നല്ലപാഠങ്ങൾ പകർന്നു നൽകുമെന്നും മന്ത്രി പറഞ്ഞു.

ബയോഡൈവേഴ്സറി ക്ലബ്ബിന്റെ ലോഗോ പ്രകാശനം നിർവഹിച്ച മന്ത്രി ക്ലബ്ബ് വോളണ്ടിയന്മാർ, മെന്റർമാർ, ഹനുമാൻ കുരങ്ങിനെ തിരിച്ചെത്തിച്ച ജീവനക്കാർ എന്നിവരെ ആദരിച്ചു.

വി. കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ ഇൻ ചാർജ് വി.എസ് മഞ്ജുളാദേവി സ്വാഗമാശംസിച്ചു. ഡബ്ല്യൂ.ഡബ്ല്യൂ.എഫ് സ്റ്റേറ്റ് ഡയറക്ടർ രഞ്ജൻ മാത്യു, പ്രകൃതി സംരക്ഷണ ഫോട്ടോഗ്രാഫർ ബാലൻ മാധവൻ, പി.വി വിജയലക്ഷ്മി, വി. രാജേഷ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *