Your Image Description Your Image Description

മസ്‌കത്ത്‌ : അടിമുടി പരിഷ്‌കാരങ്ങളുമായി മസ്‌കത്ത്‌ മുനിസിപ്പാലിറ്റി . ഒമാൻ തലസ്ഥാനത്തെ പാർക്കിങ്‌ സംവിധാനങ്ങളിലാണ് പുതിയപരിഷ്‌കാരങ്ങളുമായി മസ്‌കത്ത്‌ മുനിസിപ്പാലിറ്റി രംഗത്ത് എത്തിയിരിക്കുന്നത് . നഗരത്തിലെ പരമാവധി ഒഴിവിടങ്ങൾ പാർക്കിങ്ങിനായി ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് പുതിയ ക്രമീകരണങ്ങൾ . അതേസമയം ഈ പരിഷ്‌കാരം വാഹനങ്ങളുടെ എണ്ണത്തിൽ ക്രമാനുഗതമായുണ്ടാകുന്ന വർധനയും നഗരവികസന കാഴ്ചപ്പാടുകളും മുൻനിർത്തിയാണ് നടപടിയെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് .

സ്ഥിരം പാർക്കിങ്‌ സംവിധാനങ്ങൾ ഒഴിവാക്കുക, ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന വാഹനങ്ങൾ നീക്കം ചെയ്യുക, ട്രാഫിക് സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, കാര്യക്ഷമമായ പാർക്കിങ്‌ മാനേജ്‌മെന്റ് രീതികൾ സ്വീകരിക്കുക, നഗരപ്രകൃതി കാത്തുരക്ഷിക്കുക തുടങ്ങി നിരവധി പദ്ധതികളാണ് പരിഗണനയിലുള്ളത്. ഭിന്നശേഷിക്കാർക്കായി നിലവിലുള്ള പ്രത്യേക പാർക്കിങ്‌ സ്ഥലങ്ങൾ വിപുലീകരിക്കുക, പൊലീസ്, ആംബുലൻസ് തുടങ്ങിയ അടിയന്തര സർവീസുകൾക്കായി ഉപയോഗപ്രദമായ നിലയിൽ പാർക്കിങ്‌ സ്ഥലങ്ങൾ കണ്ടെത്തുക തുടങ്ങിയവയും പരിഗണയിലുണ്ടെന്ന് അധികൃതർ പറഞ്ഞു.

പാർക്കിങ്‌ ലംഘനങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള നവീകരിച്ച ആപ് ട്രയൽ റണ്ണിലാണ്. ആപ് പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ പാർക്കിങ്‌ ലംഘനങ്ങൾ വളരെ വേഗത്തിൽ കണ്ടെത്താനും രേഖപ്പെടുത്താനും പിഴ ഈടാക്കാനും സാധിക്കും. അനാവശ്യമായ വാഹന ഉപയോഗം കുറയ്ക്കാനും അതുവഴി നഗരത്തിലെ തിരക്കും മലിനീകരണവും പരിധി വരെ കുറയാനും ഇതിനാൽ ഇടയാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ലോകത്തിലെതന്നെ ഏറ്റവും മികച്ച നഗരാസൂത്രണ സംവിധാനങ്ങൾ നിലവിലുള്ള തലസ്ഥാന നഗരമാണ് മസ്‌കത്ത്‌. ശുചിത്വം, പ്രകൃതി ഭംഗി തുടങ്ങിയ സൂചികകളിൽ ആദ്യ അഞ്ചുസ്ഥാനങ്ങളിൽ സ്ഥിരമായി ഇടം പിടിക്കാൻ മസ്‌കത്തിനെ പ്രാപ്തയാക്കുന്നത് മുനിസിപ്പാലിറ്റിയുടെ ദീർഘവീക്ഷണത്തോടെയും ആത്മാർഥതയോടെയുമുള്ള പ്രവർത്തനങ്ങളാണെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *