Your Image Description Your Image Description

വലതുകാൽ മടക്കിവച്ച്, വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിലിരിയ്ക്കുന്ന ഗണപതിഭഗവാന്റെ പ്രതിഷ്ഠയുള്ള കേരളത്തിലെ വളരെ പ്രശസ്തമായ ക്ഷേത്രമാണ് പഴവങ്ങാടി ഗണപതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ പഴവങ്ങാടിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും അല്പം വടക്കുമാറി പഴവങ്ങാടി ക്ഷേത്രം നിലകൊള്ളുന്നു.

കേരളത്തിൽ, ഏറ്റവും വിപുലമായി വിനായക ചതുർത്ഥി ആഘോഷിയ്‌ക്കുന്ന ക്ഷേത്രങ്ങളിലൊന്നായ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യൻ കരസേനയുടെ മദ്രാസ് റെജിമന്റിനാണ്. ഇവിടെ ഉപദേവതകളായി അയ്യപ്പൻ, ദുർഗ്ഗാദേവി, നാഗദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നു.

കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിനും അവകാശപ്പെടാനില്ലാത്ത ചരിത്രമാണ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റേത്. ഇവിടുത്തെ ചരിത്രം എഡി 1744 മുതൽ എഡി 1760 വരെ വേണാടിന്റെ തലസ്ഥാനമായ പത്മനാഭപുരവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരാതന കേരളീയ വാസ്തുവിദ്യയുടെ ഗംഭീര പ്രതീകമായ പത്മനാഭപുരം കൊട്ടാരത്തിന് ചുറ്റും ഒരു ചതുര ആകൃതിയിലുള്ള കരിങ്കൽക്കോട്ട കെട്ടി സുരക്ഷിതമായിരിക്കുന്നു. പുത്തനാർ എന്നറിയപ്പെടുന്ന ചെറിയ അരുവി ഈ കോട്ടയുടെ സമീപത്തായി ഒഴുകിയിരുന്നു. 1755 എഡിയിൽ കൊട്ടാരം കാവൽക്കാരനായ നായർ പടയാളികളിൽ ഒരുവന് ദൈവേച്ഛ പ്രകാരം അയാൾ പതിവായി കുളിക്കാറുള്ള പുത്തനാർ അരുവിയുടെ അടിത്തട്ടിൽ നിന്നും പഴവങ്ങാടി ക്ഷേത്രത്തിലെ ഇന്ന് കാണുന്ന മഹാഗണപതിയുടെ പ്രതിഷ്ഠ വിഗ്രഹം കണ്ടുകിട്ടിയെന്നാണ് വിശ്വാസം.

ഇനി ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ഏതൊക്കെ എന്നു നോക്കാം. ഏറ്റവും പ്രചാരമുള്ള വഴിപാട് ഭഗവൽ നടയിൽ നാളികേരം ഉടയ്‌ക്കുന്നതാണ് . ഗണപതിഹോമം, അഷ്ടദ്രവ്യഗണപതിഹോമം, മഹാഗണപതിഹോമം, അർച്ചന അഷ്ടോത്തരം, അർച്ചന സഹസ്രനാമം, മുഴുക്കാപ്പ്, അപ്പം (6 എണ്ണം), മോദകം (16 എണ്ണം), വട (6 എണ്ണം), വടമാവ (108 എണ്ണം), നെയ്യ് പായസം, കട്ടിപ്പായസം, പാൽപ്പായസം, ഇടിപ്പായസം, കമ്പ വിളക്ക്, വരദായക മഹാഗണപതി പൂജ, തട്ടുവിളക്ക്, പഞ്ചാമൃതാഭിഷേകം, പാലഭിഷേകം, നെയ് വിളക്ക്, തിരുമധുരം, ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം, തുലാഭാരം ( പഴം, ശർക്കര, നാളികേരം, പഞ്ചസാര) മുതലായവയാണ് മറ്റ് വഴിപാടുകൾ. ശ്രീദുർഗദേവിയ്‌ക്കും വേട്ടയ്‌ക്കൊരുമകനും അർച്ചന, നെയ്പായസം, കട്ടിപ്പായസം, മുഴുക്കാപ്പ്, നീരാഞ്ജനം ( വേട്ടയ്‌ക്കൊരുമകൻ) എന്നിവയും നാഗരാജാവിന് പാലഭിഷേകവും നടത്തുന്നു. പാരമ്പര്യമനുസരിച്ച് എല്ലാ മാസത്തിലെയും രണ്ട് പക്ഷങ്ങളിൽ വരുന്ന ചതുർത്ഥി തിഥി ദിവസങ്ങളിൽ ശർക്കര-പായസത്തിന്റെ (കട്ടിപ്പായസം) പ്രത്യേക വഴിപാടോടെ ആചരിക്കുന്നു.

മലയാളമാസത്തിലെ ആയില്യം നാളിൽ നാഗരാജൻ, നാഗയക്ഷി, നാഗകന്യക എന്നിവർക്ക് പാലഭിഷേകം നടത്തി വരുന്നു. രാവിലെ 4.30 മുതൽ 11.30 വരെയും വൈകുന്നേരം അഞ്ച് മുതൽ 8.30 വരെയുമാണ് ദർശനം. പഴവങ്ങാടി ഗണപതിയുടെ നിർമ്മാല്യ ദർശനം വളരെ വിശേഷമാണ് . 7 ,9 ,11 , 21 ,41 തുടങ്ങിയ ദിവസങ്ങൾ തുടർച്ചയായി നിർമ്മാല്യം തൊഴാന് വരതമെടുക്കുന്ന നിറവധി വീട്ടമ്മമാർ അനന്തപുരിയിലുണ്ട്. രാവിലെ നാലരമണി മുതലാണ് നടതുറക്കലും നിർമ്മാല്യ ദർശനവും.

Leave a Reply

Your email address will not be published. Required fields are marked *