Your Image Description Your Image Description

ഹിന്ദുക്കളുടെ ആഘോഷങ്ങളിൽ പ്രധാനമാണ് വിനായക ചതുര്‍ത്ഥി. ഗണേശ പൂജാദിനം എന്നും ഇതറിയപ്പെടുന്നു. ഹൈന്ദവ ആരാധനാ മൂര്‍ത്തിയായ ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായചതുര്‍ത്ഥി. ശിവന്റെയും പാര്‍വതിയുടേയും പുത്രനായ ഗണപതിയുടെ പിറന്നാളാണ് വിനായക ചതുര്‍ത്ഥി.

വിനായക ചതുര്‍ത്ഥിദിവസം ചന്ദ്രനെക്കണ്ടാല്‍ അപവാദവും മാനഹാനിയും സംഭവിക്കുമെന്നൊരു വിശ്വാസമുണ്ട്‌. അതിനടിസ്ഥാനമായ ഒരു കഥയുമുണ്ട്.

ഗണപതിക്ക്‌ പലഹാരങ്ങള്‍, പ്രത്യേകിച്ച്‌ കൊഴുക്കട്ടെ (മോദകം) വളരെ പ്രിയപ്പെട്ട ഒന്നാണ്‌. ഗണേശപൂജാദിവസം ഈ പ്രത്യേക പലഹാരങ്ങള്‍കൊണ്ട്‌ ഗണപതിയെ പൂജിക്കാറുണ്ട്‌. ഒരിക്കൽ ജന്മദിനത്തില്‍, ഗണപതി വീടുതോറും സഞ്ചരിച്ച്‌, ഭക്തന്മാർ അര്‍പ്പിച്ച ധാരാളം മോദകം ഭക്ഷിച്ച്‌ രാത്രിയില്‍ തന്റെ വാഹനമായ എലിയുടെ പുറത്തുകയറി വീട്ടിലേക്ക്‌ യാത്ര തിരിച്ചു. വഴിക്ക്‌ വച്ച് ഒരു പാമ്പിനെക്കണ്ട എലി പേടിച്ചു വിറച്ചു തുടങ്ങി. അതിന്റെ കാലിടറി. ഈ സമയം എലിയുടെ മുകളിലിരുന്ന ഗണപതി തെറിച്ചുതാഴെ വീണു. തല്‍ഫലമായി ഗണപതിയുടെ വയറുപൊട്ടി മോദകമെല്ലാം പുറത്ത് ചാടി. ഉടനെ ഗണപതി, വീണ സാധനമെല്ലാം തന്റെ വയറ്റില്‍ത്തന്നെ കുത്തിത്തിരുകിയശേഷം ആ പാമ്പിനെ പിടിച്ച്‌ വയറിന്‌ ചുറ്റും ബലമായി കെട്ടിവച്ചു. ഇതെല്ലാം കണ്ടുകൊണ്ട്‌ ആകാശത്തില്‍ നിന്നിരുന്ന ചന്ദ്രന്‍ ഗണപതിയെ നോക്കി പരിഹാസപൂര്‍വം ചിരിച്ചു. ഇതില്‍ ക്ഷുഭിതനായ ഗണപതി തന്റെ കൊമ്പുപറിച്ച്‌ ചന്ദ്രനെ എറിഞ്ഞശേഷം ഇങ്ങനെ ശപിച്ചു. “ഗണേശപൂജാദിനം നിന്നെ ആരും നോക്കാതെ പോകട്ടെ’.

ഗണേശപുരാണം അനുസരിച്ച്‌ ഈ കഥയ്ക്ക്‌ അല്പം വ്യത്യാസമുണ്ട്‌. ഒരു ശുക്ലപക്ഷചതുര്‍ത്ഥിയില്‍ ശ്രീപരമേശ്വരന്‍ ഇളയപുത്രനായ ഗണപതി കാണാതെ മൂത്തപുത്രനായ സുബ്രഹ്മണ്യന്‌ ഒരു പഴം തിന്നാന്‍ കൊടുത്തു. അത്‌ കണ്ട്‌ ഊറിച്ചിരിച്ച ചന്ദ്രനെ ശപിച്ചുവെന്നാണ് ആ കഥ.

കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. കേരളത്തിലേക്കാള്‍ വിനായ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് നടത്താറുള്ളത്.

വിനായക ചതുര്‍ത്ഥി – പൂജാവിധികള്‍

ഗണപതി വിഗ്രഹങ്ങള്‍ അനുഷ്ടാനങ്ങളോടെ പ്രതിഷ്ഠിച്ച് പൂജിക്കുന്നതാണ് പ്രധാന ചടങ്ങ്. താമരയും കറുകപ്പുല്ലും ഉപയോഗിച്ച് പൂജ ചെയ്യുന്നതിനൊപ്പം മോദകം തയ്യാറാക്കി പൂജ ചെയ്ത് ഗണപതിക്ക് സമര്‍പ്പിക്കുന്നു. മണ്ണ് കൊണ്ട് നിര്‍മിച്ച വിഗ്രഹത്തില്‍ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ദിവസങ്ങളില്‍ പൂജ ചെയ്ത വിഗ്രഹമാണ് പുഴയിലോ കടലിലോ നിമജ്ഞനം ചെയ്യുന്നത്. ഘോഷയാത്രകളോടെ ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതോടെ വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ അവസാനിക്കുന്നു.

കേരളത്തിലെ ആഘോഷങ്ങള്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിനായ ചതുര്‍ത്ഥി വിപുലമായി ആഘോഷിക്കപ്പെടാറില്ല. ഗണപതി ക്ഷേത്രങ്ങളില്‍ ‘ആനയൂട്ട്’ ഉള്‍പ്പെടെയുള്ള പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്. പ്രത്യേക പൂജകളും വിനായക ചതുര്‍ത്ഥി ദിനത്തില്‍ നടത്തി വരാറുണ്ട്. കേരളത്തില്‍ ഗണപതി ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണ് വിനായക ചതുര്‍ത്ഥി ആഘോഘങ്ങള്‍. മഹാരാഷ്ട്രയിലാണ് വിപുലമായി വിനായക ചതുര്‍ത്ഥി ആഘോഷിച്ച് വരുന്നത്. പില്‍ക്കാലത്ത് ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു.

വിഗ്രഹ നിര്‍മാണം

മുമ്പൊക്കെ വിനായചതുര്‍ത്ഥിക്ക് പൂജിക്കാനുള്ള വിഗ്രഹങ്ങള്‍ കളിമണ്ണിലായിരുന്നു നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ വിഗ്രഹങ്ങള്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസിലേക്ക് മാറിയിട്ടുണ്ട്. അത്യാകര്‍ഷമായ ചായം പൂശിയ വിഗ്രഹങ്ങളാണ് പൂജിച്ച് ഘോഷയാത്രയായി ജലാശയങ്ങളില്‍ നിമജ്ഞനം ചെയ്യുന്നത്. ആടയാഭരണങ്ങള്‍ അണിയിച്ച ശേഷമാണ് ഒമ്പത് ദിവസത്തോളം വിഗ്രഹങ്ങള്‍ പൂജിക്കുന്നത്.

ഇന്ത്യയില്‍ വിനായക ചതുര്‍ത്ഥി

ഇന്ത്യയില്‍ മഹാരാഷ്ട്രയ്ക്ക് പുറമേ കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വിനായക ചതുര്‍ത്ഥി വിപുലമായി ആഘോഷിക്കപ്പെടുന്നത്. കലയുടേയും അറിവിന്റെയും ദേവനായ ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഗണപതി വിഘ്നങ്ങള്‍ നീക്കുന്നുവെന്നും വിശ്വാസികള്‍ അടിയുറച്ച് വിശ്വസിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *