Your Image Description Your Image Description

ശിവനും പാർവതിക്കും കാവൽ നിന്ന ഗണപതി ശിവനെ കാണാൻ‌വന്ന പരശുരാമനെ തടഞ്ഞുനിർത്തിയെന്നും ഇതിൽ കോപിതനായ പരശുരാമൻ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നുമാണ് പറയപ്പെടുന്നത്.

ശ്രീഗണേശന്‍ തന്നെ അപമാനിച്ചിരിക്കുന്നു. ഈരേഴു പതിന്നാലു ലോകത്തിനും നാഥനായ തന്നെ ഗണേശന്‍ ആകാശത്തില്‍ പല പ്രാവശ്യം വട്ടം ചുഴറ്റി നിര്‍ത്തിയപ്പോള്‍ പരശുരാമന്‍ അക്ഷരാര്‍ത്ഥത്തില്‍ നക്ഷത്രമെണ്ണി. കണ്ണില്‍നിന്നും പൊന്നീച്ചകള്‍ പറന്നു. കണ്ണു ചുമന്നു തുടുത്തു. തന്റെ ആത്മാഭിമാനത്തെയാണ് പാര്‍വതീപുത്രന്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഒരു ഉത്തമശിഷ്യന്റെ അവകാശത്തെയാണ് ഗണേശന്‍ വട്ടം ചുഴറ്റിയെറിഞ്ഞതെന്ന് പരശുരാമന്‍ വിലയിരുത്തി. “ശ്രീപരമേശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ മഴുവാണ് എന്റെ ആയുധം. നേരിട്ട അപമാനത്തിന് ഈ മഴു തന്നെ മറുപടി പറയട്ടെ.” കോപിഷ്ടനായ പരശുരാമന്‍ ശിവനാല്‍ നല്‍കപ്പെട്ട “പരശു” എന്ന ആയുധം ഗണപതിയുടെ നേരെ പ്രയോഗിച്ചു.

“തന്റെ അച്ഛന്‍ അനുഗ്രഹിച്ചു നല്‍കിയ വിശിഷ്ടമായ ആയുധമാണത്. എല്ലാം അച്ഛന്റെ ഇച്ഛ” എന്ന തിരിച്ചറിവിലൂടെ ഗണേശന്‍ വണങ്ങിനിന്നു. “ഈ മഴു പരാജയപ്പെടാന്‍ പാടില്ല. ഈ മഴു പരാജയപ്പെട്ടാല്‍ അത് അച്ഛനു നേരെയുള്ള വെല്ലുവിളിയാകും. അതു പാടില്ല.” – എന്ന് തിരിച്ചറിഞ്ഞ ഗണേശന്‍ ആ മഴുവിനു നേരെ തന്റെ കൊമ്പു വച്ച് തടുത്തു. മഴുവിനാല്‍ ഗണപതിയുടെ ഇടതു കവിളും കൊമ്പിന്‍റെ പകുതിയും മുറിഞ്ഞുപോയി.

ചോരപുരണ്ട കൊമ്പ് നിലത്തു വീണാല്‍ ബ്രഹ്മാണ്ഡം തന്നെ നശിക്കും എന്നറിയാവുന്ന പരശുരാമന്‍, ആ കൊമ്പിന്‍ കഷ്ണം നിലത്തു വിഴുന്നതിനു മുന്‍പ് തന്നെ, തന്‍റെ കൈയിലെടുത്തു പിടിച്ചു. ഈ ബഹളങ്ങളെല്ലാം കേട്ടു പാര്‍വതി- പരമേശ്വരന്മാര്‍ അവിടേക്ക് വന്നു.

ശിവന്‍റെ ശിഷ്യ വാത്സല്യമറിയാവുന്ന ശിവ പാര്‍ഷദന്‍മാര്‍ പ്രതികരിച്ചില്ല. ദേവിയാകട്ടെ മകന്‍റെ ദുരവസ്ഥയില്‍ ഏതോരമ്മയെയും പോലെ, മനം നൊന്തു പറഞ്ഞു:

“കിട്ടിലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനില്‍ നിന്നിദാനിം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നല്‍കിയനുഗ്രഹിക്കൂ
മകന്‍ പരിക്കേറ്റ് മരിക്കിലെന്ത്?
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ
രാമന്‍ ജഗല്‍ സത്തമാണ്പോലും
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം”

എന്നാല്‍ ഈ ബഹളമെല്ലാം കേട്ട ശ്രീപരമേശ്വരന്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ. പരശുരാമനാകട്ടെ മുറിഞ്ഞ കൊമ്പും കയ്യിൽ പിടിച്ച് നില്‍ക്കുകയാണ്. എന്തു നടക്കുമെന്ന ആധിയോടെ എല്ലാവരും നില്‍ക്കുമ്പോള്‍ പരശുരാമന്‍ രാധാകൃഷ്ണന്മാരെ സ്മരിച്ചു. ആ നിമിഷം തന്നെ എല്ലാവരുടെയും ഹൃദയത്തെ പരമാനന്ദത്തിലാഴ്ത്തിക്കൊണ്ട് മനോഹരമായ വേണുഗാനം കൈലാസശൈലോപരിയില്‍ നിന്നും ഒഴുകി വന്നു. എന്നാലിത് എല്ലാവര്‍ക്കും ശ്രവണയോഗ്യമായിരുന്നില്ല. ചുരുക്കംചില ഋഷിശ്വരന്‍മാര്‍ക്ക് മാത്രം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായ ആ നാദമാധുരിയില്‍ സര്‍വ്വ ചരാചരങ്ങളും അലിഞ്ഞു നിന്നു. അപ്പോള്‍ കലങ്ങിയ മനസ്സുമായി നിന്ന പാര്‍വതി ദേവി പോലും എല്ലാം മറന്നു പരമാനന്ദത്താല്‍ മതിമറന്നു.

കൈലാസവാസികള്‍ക്ക് കര്‍ണ്ണാമൃതമായിക്കേട്ട ആ മുരളിനാദത്തിനു പിന്നാലെ കണ്ണുകള്‍ക്ക് ഉത്സവമായി ആകാശമണ്ഡലത്തില്‍ കാണപ്പെട്ട ഒരു തേജസ്സ് അവരുടെ മുന്നിലേക്ക് മന്ദം മന്ദം ഒഴുകി വന്നു. കാര്‍മേഘ കാന്തിയുള്ള ശരിരമുള്ളവനും, ഓടക്കുഴലുമൂതി മനോഹരായ നീല കുന്തളത്തില്‍ മയില്‍പ്പിലി ചൂടിയവനും, ആരെയും മയക്കുന്ന മന്ദഹാസം പോഴിക്കുന്നവനുമായ അത്ഭുതാത്മാവ്. കൂടെ ചെമ്പകപ്പൂ തോല്‍ക്കുന്ന നിറത്തോട് കൂടിയവളും ഇളം വെയിലില്‍ വിടര്‍ന്ന താമരപോലുള്ള മുഖത്തോട് കൂടിയവളും, പവിഴ കാന്തിയുള്ള ഉടയാട ധരിച്ചവളും ഒരുകയ്യില്‍ താമരപ്പൂവും, മറു കയ്യില്‍ വാല്‍ക്കണ്ണാടിയും ധരിച്ച അത്ഭുതാംഗിയും.

എല്ലാവരും വിസ്മയിച്ചു നില്‍ക്കെ സുസ്മേരവദനനായി മഹാദേവന്‍ അവരെ സ്വാഗതം ചെയ്തു. എല്ലാവര്‍ക്കും തങ്ങളുടെ മുന്നിൽ നിൽക്കുന്നത് സാക്ഷാല്‍ രാധാ –കൃഷ്ണന്മാരാണെന്നു മനസ്സിലായി, അവരെല്ലാം വീണുവീണു നമിച്ചു.

രാധാദേവി തന്‍റെ ഇടതു കയ്യാല്‍ ഗണപതിയുടെ കവിളില്‍ തലോടിയപ്പോള്‍ മുറിവെല്ലാം ഇല്ലാതായി. (ദേവിയുടെ ഇടതുകയ്യില്‍ അമൃതുണ്ടെന്നാണ് വിശ്വാസം) പിന്നിട് പരശുരാമനെ എഴുന്നേല്‍പ്പിച്ചു. ഗണപതിയുമായുള്ള പിണക്കം മതിയാക്കി പരസ്പരം കൈകൊടുക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ തമ്മിലുള്ള പിണക്കവും മാറ്റി. കൈകൊടുക്കുന്നതിനിടയില്‍ തന്‍റെ കയ്യിലിരുന്ന കൊമ്പ് പരശുരാമന്‍ ഗണപതിയെ ഏല്‍പ്പിച്ചു. ലോകനന്മക്കായിട്ടാണ് ഇതെല്ലാം സംഭവിച്ചത്. ഈ കൊമ്പ് പിന്നിട് പ്രയോജനമായിത്തീരും എന്നനുഗ്രഹിച്ച് രാധാകൃഷ്ണന്മാര്‍ യാത്രയായി.

പിന്നിട് ഭാഗവതമെഴുതുന്ന വേളയില്‍ എഴുത്താണി ഒടിഞ്ഞപ്പോള്‍ ഗണപതി ഭഗവാന്‍ ഈ കൊമ്പുകൊണ്ടാണത്രേ മുഴുവന്‍ എഴുതി തീര്‍ത്തത്.

ഹിമാലയത്തിലുള്ള ബദരീനാഥ് ക്ഷേത്രത്തിനടുത്തു ‘മന’ എന്നൊരു ഗ്രാമമുണ്ട്. സരസ്വതീനദിയുടെ പ്രഭവസ്ഥാനമാണത്. അതിനടുത്തായി ‘വേദവ്യാസ ഗുഹ’ ‘ഗണപതി ഗുഹ’ എന്നീ രണ്ട് ഗുഹകളുണ്ട്. ഈ വേദവ്യാസ ഗുഹയിലിരുന്നാണ് മഹർഷി ഭാഗവതം രചിച്ചത്. വേദവ്യാസൻ പറഞ്ഞുകൊടുത്തു ഗണപതി എഴുതിയെടുത്തു അത്രേ. എഴുതാൻ തുടങ്ങുമ്പോൾ ഗണപതി പറഞ്ഞു ഇടയ്ക്ക് വച്ച് നിർത്തരുത്. അപ്പോൾ മഹർഷിയും പറഞ്ഞു എഴുത്തും നിർത്തരുത് എന്ന്. എഴുതിക്കൊണ്ടിരിക്കെ ഗണപതിയുടെ എഴുത്താണി ഒടിഞ്ഞപ്പോൾ തന്റെ ഒടിഞ്ഞ കൊമ്പ് കൊണ്ട് എഴുത്ത് തുടർന്നുവെന്നാണ് പറയപ്പെടുന്നത്. ഏതായാലും ഭാഗവതം ഭഗവാന്റെ അവതാരങ്ങളെ കുറിച്ചും കൃഷ്ണലീലകളെക്കുറിച്ചും എല്ലാം ധന്യമായ ഗ്രന്ഥമാണ്. അതുകൊണ്ട് തന്നെ ഇന്നും ഏറെ പ്രസക്തിയുണ്ടതിന്.

Leave a Reply

Your email address will not be published. Required fields are marked *