Your Image Description Your Image Description

 

 

തിരുവനന്തപുരം: സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കിടയിൽ വാക്‌സിനേഷനു വേണ്ടിയുള്ള ബോധവൽക്കരണം അനിവാര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കിംസ്‌ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ഐ സഹദുള്ള, യുഎഇ യൂണിവേഴ്സിറ്റി പീഡിയാട്രിക്സ് ആൻഡ് പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം പ്രൊഫസർ എമിരിറ്റസ് ഡോ. സയീന ഉദുമാനുമായി ചേർന്ന് എഴുതിയ ‘വേൾഡ് ഓഫ് വാക്‌സിനോളജി 2024’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധർക്കും വിദ്യാർത്ഥികൾക്കും മാത്രമല്ല സാധാരണക്കാർക്കും വാക്‌സിനുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ അറിവ് നേടാൻ ‘വേൾഡ് ഓഫ് വാക്‌സിനോളജി 2024’ സഹായകരമാകുമെന്ന് ഗവർണർ പറഞ്ഞു. കോവിഡ് വാക്‌സിനേഷൻ ഘട്ടത്തിൽ ഉൾപ്പെടെ കിംസ്‌ഹെൽത്ത് നടത്തിയ ഇടപെടലുകൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമൂഹത്തിൽ കൂടുതൽ സംവാദങ്ങൾക്ക് വഴിയൊരുക്കുന്ന പുതിയ കാലഘട്ടത്തിൽ, മനുഷ്യന്റെ ആയുരാരോഗ്യം വാക്‌സിനേഷനുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് കൂടുതൽ വ്യക്തമാവുകയാണെന്ന് ഡോ. എം.ഐ സഹദുള്ള അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സെർവിക്കൽ ക്യാൻസറിനെതിരെയുള്ള കേന്ദ്രസർക്കാരിന്റെ വാക്‌സിനേഷൻ പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കാൻ കിംസ്‌ഹെൽത്ത് ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. കിംസ്‌ഹെൽത്തിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി ഒൻപത് വയസ് മുതൽ 14 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സെർവിക്കൽ ക്യാൻസർ തടയുന്നതിനായി എച്ച്.പി.വി വാക്‌സിൻ സൗജന്യമായി നൽകുന്നതാണ് പദ്ധതി. വാക്‌സിനേഷൻ രോഗങ്ങൾക്കെതിരെയുള്ള ഏറ്റവും കരുത്തുറ്റ ആയുധം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തൂണുകളിൽ ഒന്ന് രോഗപ്രതിരോധമാണെന്നും, രോഗ പ്രതിരോധത്തിനുള്ള പ്രധാനമാർഗ്ഗം വാക്‌സിനേഷൻ ആണെന്നും കിംസ്‌ഹെൽത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ.എം നജീബ് പറഞ്ഞു. സമൂഹത്തെ രോഗങ്ങളിൽ നിന്ന് സുരക്ഷിതമാക്കുന്നതിന് അഡൾട്ട് വാക്‌സിനേഷൻ എന്ന ആശയത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അർബുദത്തിനെതിരെ മാത്രമല്ല, ജീവിതശൈലി രോഗങ്ങൾക്കെതിരെയും വാക്സിൻ ആവശ്യമാണെന്ന ആശയത്തിന് പ്രസക്തി ഏറുകയാണെന്ന് ഡോ. സയീന ഉദുമാൻ തന്റെ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. രോഗപ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത് എന്ന വാക്യത്തെ വാക്‌സിനേഷനുമായി ചേർത്തു വായിക്കേണ്ടതുണ്ടെന്ന് കിംസ്‌ഹെൽത്ത് വൈസ്‌ചെയർമാൻ ഡോ. ജി. വിജയരാഘവൻ പറഞ്ഞു. ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം കൺസൾട്ടന്റ് ഡോ. മുഹമ്മദ് നിയാസ് സ്വാഗതം പറഞ്ഞു, സീനിയർ കൺസൾട്ടൻറ് ഡോ. എ. രാജലക്ഷ്മി പുസ്തകം പരിചയപ്പെടുത്തി.

Image: ഡോ. എം.ഐ സഹദുള്ള, ഡോ. സയീന ഉദുമാനുമായി ചേർന്ന് എഴുതിയ ‘വേൾഡ് ഓഫ് വാക്‌സിനോളജി 2024’ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്യുന്നു. ഡോ. എ. രാജലക്ഷ്മി, ഡോ. സയീന ഉദുമാൻ, ഡോ. വിജയൻ കെ.എൻ, ഡോ. എം.ഐ സഹദുള്ള, ഡോ. ജി. വിജയരാഘവൻ, ഇ.എം നജീബ്, ഡോ. മുഹമ്മദ് നിയാസ് എന്നിവർ സമീപം. (ഇടത് നിന്ന്)

Leave a Reply

Your email address will not be published. Required fields are marked *