Home » Blog » kerala Mex » കെഎസ്ആർടിസിക്ക് മൂന്നാറിൽ ഇരട്ടി മധുരം! ഡബിൾ ഡക്കർ ബസ് നേടിയത് റെക്കോർഡ് വരുമാനം
ksrtc-bus-680x450

മൂന്നാർ ടൂറിസത്തിന് പുത്തൻ ഉണർവ് നൽകിയ കെഎസ്ആർടിസി ‘റോയൽ വ്യൂ’ ഡബിൾ ഡക്കർ സൈറ്റ് സീയിങ് സർവീസ് വിജയകരമായി ഒരു വർഷം പൂർത്തിയാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിന് ആരംഭിച്ച ഈ സർവീസ്, ഒരു വർഷത്തിനുള്ളിൽ ഒന്നരക്കോടി രൂപയുടെ റെക്കോർഡ് വരുമാനമാണ് ഡിപ്പോയ്ക്ക് നേടിക്കൊടുത്തത്. നാളിതുവരെ നാൽപ്പതിനായിരത്തിലേറെ സഞ്ചാരികൾ മൂന്നാറിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ ഈ ഇരുനില ബസിനെ ആശ്രയിച്ചു കഴിഞ്ഞു. സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾക്കിടയിൽ ബസ് സർവീസിന് ലഭിച്ച വൻ സ്വീകാര്യത മൂന്നാർ ടൂറിസത്തിന് തന്നെ പുതിയ ദിശാബോധം നൽകിയിരിക്കുകയാണ്.

ആദ്യ ബസ് സൂപ്പർ ഹിറ്റായതോടെ ജനുവരി നാലിന് രണ്ടാമതൊരു ഡബിൾ ഡക്കർ ബസ് കൂടി കെഎസ്ആർടിസി നിരത്തിലിറക്കി. ഇരുനിലകളും ഗ്ലാസ്സുകളാൽ നിർമ്മിച്ച ഈ അത്യാധുനിക ബസ്, മൂന്നാറിലെ തേയിലത്തോട്ടങ്ങൾക്കും മലനിരകൾക്കും ഇടയിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ് നൽകുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള ഈ പദ്ധതി മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ കരുത്താണ് പകരുന്നത്. വരും വർഷങ്ങളിലും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.