
ഡൽഹി: റെയിൽവേ ജീവനക്കാർക്ക് ഉത്സവകാല ആശ്വാസമായി പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. റെയിൽവേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 78 ദിവസത്തെ ശമ്പളത്തിന് തുല്യമായ ബോണസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിക്കായി ആകെ 2009.61 കോടി രൂപ കേന്ദ്ര സർക്കാർ നീക്കിവെച്ചു.
അർഹതയുള്ള ഒരു റെയിൽവേ ജീവനക്കാരന് 78 ദിവസത്തേക്ക് ലഭിക്കാവുന്ന പരമാവധി തുക 17,951 രൂപയായിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നോൺ-ഗസറ്റഡ് ജീവനക്കാർക്കുള്ള ഈ ബോണസ് തുക പ്രതിമാസം 7,000 രൂപ എന്ന ശമ്പള പരിധി അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ട്രാക്ക് മെയിന്റനർമാർ, ലോക്കോ പൈലറ്റുകൾ, ട്രെയിൻ മാനേജർമാർ (ഗാർഡുകൾ), സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, ടെക്നീഷ്യന്മാർ, പോയിന്റ്സ്മാൻമാർ, മറ്റ് ഗ്രൂപ്പ് സി ജീവനക്കാർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്ക് ഈ ബോണസ് നേട്ടം ലഭിക്കും. 2025-26 സാമ്പത്തിക വർഷത്തിൽ റെയിൽവേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും സർക്കാർ അറിയിച്ചു.
