Your Image Description Your Image Description

 

 

ഹൈദ്രാബാദ്: കമാർ ഫിലിം ഫാക്ടറിയുമായി ചേർന്ന് സംഘടിപ്പിച്ച 69-ാമത് ശോഭ ഫിലിംഫെയർ അവാർഡ് സൌത്ത് 2024 അവാർഡ്‌സിൽ മികച്ച മലയാള ചിത്രമായി 2018ഉം സംവിധായകനായി 2018ന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായപ്പോൽ രേഖയിലെ നായികാവേഷത്തിന് വിൻസി അലോഷ്യസ് മികച്ച നടിയായി. ഹൈദരാബാദിലെ ജെആർസി കൺവെൻഷൻ ജൂബിലി ഹിൽസിൽ നടന്ന അവാർഡ്‌നിശയിൽ മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമാ മേഖലയിലെ പ്രതിഭകൾക്കും വിവിധ അവാർഡുകൾ സമ്മാനിച്ചു. ദസറയിലെ പ്രകടനത്തിന് നാനിയും പൊന്നിയിൻ സെൽവൻ-ഭാഗം 2-ലെ പ്രകടനത്തിന് വിക്രമും സപ്ത സാഗരദാചെ എല്ലോയിലെ പ്രകടനത്തിന് രക്ഷിത് ഷെട്ടിയുമാണ് മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലെ അവാർഡുകൾ നേടിയത്. തന്റെ 15-ാമത്തെ ഫിലിംഫെയർ പുരസ്‌കാരമാണിതെന്ന് അവാർഡ് സ്വീകരിച്ച് മമ്മൂട്ടി പറഞ്ഞു. തെലുങ്കിലെ മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്‌കാരം ശ്വേത മോഹന് സമ്മാനിച്ചത് അമ്മ സുജാത മോഹൻ. താരകുടുംബത്തിലെ അഞ്ചാമത്തെ ഫിലിംഫെയർ പുരസ്‌കാരമാണിത്.

പുരുഷപ്രേതത്തിലെ പ്രകടനത്തിന് ജഗദീഷ് മികച്ച മലയാളത്തിലെ സഹനടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നേരിലെ അഭിനയത്തിന് അനശ്വര രാജനും തുറമുഖത്തിലെ മികച്ച പ്രകടനത്തിന് പൂർണിമ ഇന്ദ്രജിത്തും മികച്ച സഹനടി അവാർഡ് പങ്കിട്ടു. സാം സി എസ് സംഗീത സംവിധാനം നിർവഹിച്ച ആർഡിഎക്‌സ് മികച്ച മ്യൂസിക് ആൽബമായി തെരഞ്ഞെടുക്കപ്പെട്ടു. കാതൽ എന്ന ചിത്രത്തിലെ എന്നും എൻ കാവൽ എന്ന ഗാനം രചിച്ച അൻവർ അലിയാണ് മികച്ച ഗാനരചയിതാവ്. ആർഡിഎക്‌സിലെ നീല നിലാവേ എന്ന ഗാനമാലപിച്ച കപിൽ കപിലൻ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തെ മുല്ല എന്ന ഗാനമാലപിച്ച് കെ എസ് ചിത്ര മികച്ച ഗായികക്കുള്ള അവാർഡ് നേടി. അവാർഡ്‌നിശയ്ക്ക് മാറ്റുകൂട്ടി റാഷി ഖന്ന, അപർണ്ണ ബാലമുരളി, സാനിയ ഇയ്യപ്പൻ, ഗായത്രി ഭരദ്വാജ് എന്നിവരുടെ നൃത്തപരിപാടിയും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *