Your Image Description Your Image Description

പാരീസ്: പാരീസ് ഒളിമ്പിക്സിന്റെ വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മെഡലുറപ്പിച്ച് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്. സെമിയിൽ ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മാനെ തോൽപിച്ച് ഫൈനലിലെത്തിയതോടെയാണ് മെഡൽ ഉറപ്പാക്കിയത്. ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ വനിതാ റെസ്ലർ എന്ന ചരിത്ര നേട്ടവും താരം സ്വന്തമാക്കി. ക്യൂബ താരത്തിനെതിരെ (5-0) ഏകപക്ഷീയ വിജയമാണ് ഇടിക്കൂട്ടിൽ ഇന്ത്യൻ താരം നേടിയത്.2016 റിയോ ഒളിമ്പിക്സിലും 2020 ടോക്കിയോ ഒളിമ്പിക്സിലും ക്വാർട്ടറിൽ വീണ ഫോഗോട്ടിന്റെ ശക്തമായ തിരിച്ചുവരവായിത്.

നേരത്തെ പ്രീ ക്വാർട്ടറിൽ നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് യുയി സുസാക്കിയെയും ക്വാർട്ടറിൽ യുക്രൈന്റെ ഒക്സാന ലിവാച്ചയേയും തോൽപിച്ചാണ് അവസാന നാലിലേക്ക് താരം മുന്നേറിയത്.നാല് തവണ ലോക ചാമ്പ്യനായ യുയി സസാക്കിയോട് 0-2 ന് പരാജയപ്പെട്ട് നിന്ന ശേഷമാണ് 3-2 ന് ഫോഗട്ട് തകർപ്പൻ തിരിച്ചു വരവ് നടത്തിയത്. നാല് തവണ ലോക ചാമ്പ്യനായ യുയി സസാക്കിയുടെ കരിയറിലെ നാലാം തോൽവിയാണിത്.

രാജ്യ തലസ്ഥാനത്ത് ഗുസ്തി താരങ്ങളുടെ പ്രക്ഷോഭങ്ങളുടെ ഭാഗമായും വിനേഷ് ഫോഗട്ട് ശ്രദ്ധ നേടിയിരുന്നു. സമരത്തിലെ മുന്നണി പോരാളിയായിരുന്നു ഈ ഗുസ്തി താരം. ഗുസ്തി താരങ്ങളെ ലൈംഗീകമായി ചൂഷണം ചെയ്‌തെന്ന ആരോപണങ്ങളിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ടാണ് ആറുമാസത്തോളം നീണ്ടുനിന്ന തെരുവ് സമരം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *