Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡിലും പിന്നീട് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും ലഹരിക്കടിമപ്പെട്ട യുവതിയുടെ പരാക്രമം. സ്വകാര്യ ബസില്‍നിന്നിറങ്ങാന്‍ കൂട്ടാക്കാതിരുന്ന യുവതിയെ പിടിച്ചുമാറ്റാനെത്തിയ എസ്.ഐ.ക്കും വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കുമുള്‍പ്പെടെ മര്‍ദനമേറ്റു.

സ്റ്റാന്‍ഡില്‍വെച്ച് ഒരു പുരുഷ എസ്.ഐ.യുടെ കഴുത്തിനടിച്ച യുവതി, അവിടെവെച്ചും പിന്നീട് താലൂക്ക് ആശുപത്രിയില്‍വെച്ചും ഒരു വനിതാ സി.പി.ഒ.യെ ആക്രമിക്കുകയും ചെയ്തു. അസഭ്യവര്‍ഷം നടത്തിയും ആളുകള്‍ക്കുനേരേ കാര്‍ക്കിച്ചുതുപ്പിയും അക്രമാസക്തയായ യുവതി, തന്നെ നിയന്ത്രിക്കാനെത്തിയ മറ്റ് വനിതാ പോലീസുകാരെ തള്ളിമാറ്റുകയും ചെയ്തു.

തുടര്‍ന്ന് യുവതിയെ കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് റഫര്‍ ചെയ്ത് അയയ്ക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലേമുക്കാലോടെയായിരുന്നു സംഭവം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശിനിയായ യുവതിയാണ് താമരശ്ശേരിയില്‍ ഇത്തരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.

കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ കൊയിലാണ്ടി മുണ്ടോത്ത്‌ നിന്നാണ് യുവതി കയറിയത്. ബസ് താമരശ്ശേരിയിലെത്തിയപ്പോള്‍ ആവശ്യപ്പെട്ടിട്ടും യുവതി ഇറങ്ങാതിരുന്നതോടെ, ബസ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ആദ്യം സ്ഥലത്തെത്തിയ ട്രാഫിക് പോലീസുകാരും നാട്ടുകാരും യുവതിയോട് ഇറങ്ങാനാവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. പിന്നീട് സ്റ്റേഷനിലെ ഒരു ഗ്രേഡ് എസ്.ഐ.യുടെ നേതൃത്വത്തില്‍ വനിതാ പോലീസുകാരുള്‍പ്പെട്ട സംഘം സ്ഥലത്തെത്തി യുവതിയെ ബലമായിറക്കി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിക്കുകയായിരുന്നു. സ്റ്റാന്‍ഡില്‍വെച്ചും ആശുപത്രിയില്‍വെച്ചും യുവതി അക്രമാസക്തയാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *