Your Image Description Your Image Description

മുംബൈ: വിരാട് കോലിയും രോഹിത് ശര്‍മയും അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി ഇന്ത്യൻ ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. എപ്പോള്‍ വിരമിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്ന് ഗംഭീര്‍ പറഞ്ഞു. അവരില്‍ ഇനിയെത്ര ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് എനിക്ക് പറയാനാവില്ല. ടീമിന്‍റെ വിജയത്തിനായി സംഭാവന നല്‍കാന്‍ കഴിയുന്നിടത്തോളം കാലം ഇരുവര്‍ക്കും കളിക്കാനാകുമെന്നും വ്യക്തികളല്ല ടീമാണ് എല്ലായ്പ്പോഴും പ്രധാനമെന്നും ഗംഭീര്‍ പറഞ്ഞു.

കോലിയും രോഹിത്തും ഇപ്പോഴും ലോകോത്തര താരങ്ങളാണ്, ഏതൊരു ടീമും ടീമിലെടുക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് താരങ്ങളാണ് ഇരുവരും. അവര്‍ക്ക് ഇനിയും ഒരുപാട് സംഭാവന ചെയ്യാനാകുമെന്നാണ് ഞാന്‍ കരുതുന്നത്. വലിയ ടൂര്‍ണെമന്‍റുകളില്‍ ഇപ്പോഴും മികവ് കാട്ടാനാകുമെന്ന് കഴിഞ്ഞ ടി20 ലോകകപ്പിലും അവര്‍ തെളിയിച്ചതാണ്. കായികക്ഷമത നിലനിര്‍ത്താനായാല്‍ 2027ലെ ഏകദിന ലോകകപ്പ് വരെ അവര്‍ക്ക് കളി തുടരാനാകും.

വരാനിക്കിരിക്കുന്ന മാസങ്ങളില്‍ കോലിയും രോഹിത്തും ഇന്ത്യക്കായി പരമാവധി ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കുമെന്നും ഗഭീര്‍ പറഞ്ഞു. അതേസമയം, ജസ്പ്രീത് ബുമ്രയുടെ കാര്യം പ്രത്യേകതയുള്ളതാണെന്നും ജോലി ഭാരം കണക്കിലെടുത്ത് നിര്‍ണായക പരമ്പരകള്‍ക്ക് മുമ്പ് ബുമ്രക്ക് വിശ്രമം നല്‍കുമെന്നും ഗംഭീര്‍ പറഞ്ഞു.
ജഡേജയെ തഴഞ്ഞതല്ല, ഷമിയുടെ മടങ്ങിവരവ്

ടി20 ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രവീന്ദ്ര ജഡേജയെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടെന്നിന് വിശദീകരണം നല്‍കിയത് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറായിരുന്നു. ജഡേജയെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതല്ലെന്ന് അഗാര്‍ക്കര്‍ പറഞ്ഞു.

രവീന്ദ്ര ജഡേജയെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതല്ല, മൂന്ന് ഏകദിനങ്ങള്‍ മാത്രമുള്ള ചെറിയ പരമ്പരയില്‍ അക്സർ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും ഒരേസമം പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ കഴിയില്ല. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ ജഡേജക്ക് പ്രധാന റോളുണ്ടാവുമെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു. ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ചെറിയ പരമ്പരയില് ടീമിലെടുത്താലും അതേ ശൈലിയില്‍ പന്തെറിയുന്ന അക്സർ ടീമിലുള്ളതിനാല്‍ ഏതെങ്കിലും ഒരു താരത്തെ ബെഞ്ചിലിരുത്തേണ്ടിവരുമെന്നതും കണക്കിലെടുത്തിരുന്നുവെന്നും അല്ലാതെ ജഡേജയെ തഴഞ്ഞതല്ലെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

ഏകദിന ലോകകപ്പിന് പിന്നാലെ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ മുഹമ്മദ് ഷമി സെപ്റ്റംബറിര്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *