Your Image Description Your Image Description

ഹരാരെ: സിംബാബ്‌വെക്കെതിരായ ട20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിൽ നടക്കും ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം തുടങ്ങുക. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാകും. ഇന്നല നടന്ന നാലാം മത്സരത്തില്‍ പത്ത് വിക്കറ്റിന്‍റ ആധികാരിക ജയം നേടിയ ഇന്ത്യൻ യുവനിരക്ക് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ ഇന്ന് പരീക്ഷണത്തിനും കഴിവ് തെളിയിക്കാനുമുള്ള അവസാന അവസരമാണ്.

ഇന്നലെ നടന്ന നാലാം മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റ് വിജയം നേടിയതിനാല്‍ ബാറ്റിംഗ് നിരയില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പരമ്പരയില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. രണ്ടാം മത്സരത്തില്‍ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയും ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ച റിയാന്‍ പരാഗും ധ്രുവ് ജുറെലുമെല്ലാം അവസരം ലഭിക്കാത്തവരുടെ ലിസ്റ്റിലുണ്ട്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇന്നത്തെ മത്സരത്തില്‍ വിശ്രമം എടുത്താല്‍ വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇന്ന് ഇന്ത്യൻ നായകാനാകും. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ബാറ്റിംഗിനിറങ്ങി പുറത്താകാതെ 12 റൺസ് എടുത്തത് മാത്രമാണ് ഈ പരമ്പരയില്‍ സഞ്ജുവിന്‍റെ ഇതുവരെയുള്ള നേട്ടം.

ഗില്‍ കളിക്കുന്നില്ലെങ്കില്‍ അഭിഷേക് ശര്‍മ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങും. സഞ്ജു സാംസണ്‍ മൂന്നാം നമ്പറിലും റിയാന്‍ പരാഗ് നാലാം നമ്പറിലും കളിക്കാൻ സാധ്യതയുണ്ട്. ധ്രുവ് ജുറെല്‍, റിങ്കു സിംഗ്, ശിവം ദുബെ എന്നിവരാകും ബാറ്റിംഗ് നിരയില്‍ ഉണ്ടാകുക.
ബൗളിംഗ് നിരയില്‍ വാഷിംഗ്ടണ്‍ സുന്ദറും രവി ബിഷ്ണോയിയും സ്പിന്നര്‍മാരായി തുടരുമെന്നുറപ്പാണ്. ഇന്നലെ അരങ്ങേറിയ തുഷാര്‍ ദേശ്പാണ്ഡെയും പേസറായി തുടര്‍ന്നാല്‍ ഖലീല്‍ അഹമ്മദിന് പകരം ആവേശ് ഖാനോ മുകേഷ് കുമാറോ പ്ലേയിംഗ് ഇലവനിലെത്തിയേക്കും. അഞ്ചാം ബൗളറുടെ റോള്‍ കഴിഞ്ഞ മത്സരങ്ങളിലേതുപോലെ അഭിഷേക് ശര്‍മക്കും ശിവം ദുബെക്കുമാകും.

Leave a Reply

Your email address will not be published. Required fields are marked *