Your Image Description Your Image Description

കാസര്‍കോട്: കള്ളനെന്ന് കരുതി കാസർകോട് എടത്തോട് നിന്ന് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച 27 വയസുകാന്റെ കദനകഥയിൽ അലിഞ്ഞ് പൊലീസും നാട്ടുകാരും. കഴിഞ്ഞ ദിവസമാണ് കാസർകോട് എടത്തോടുള്ള അടച്ചിട്ട വീടിൻ്റെ വളപ്പിൽ യുവാവ് എത്തുന്നത്. വൈകുന്നേരം അഞ്ചരയോടെ കോഴിക്കൂടിന് അടുത്തേക്ക് ഷർട്ട് ധരിക്കാത്ത ഒരാൾ പോകുന്നത് സിസി ടിവി മൊബൈൽ ആപ്പിലൂടെ കണ്ട വീട്ടുകാർ അയൽക്കാരെ വിവരം അറിയിച്ചു. തുടർന്ന് കോഴിയെ മോഷ്ടിക്കാൻ വന്നയാളെ നാട്ടുകാർ പിടികൂടി വെള്ളരിക്കുണ്ട് പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് യുവാവിനെ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. വിശപ്പ് സഹിക്കവയ്യാതെയാണ് കോഴിയെ മോഷ്ടിക്കാൻ തീരുമാനിച്ചതെന്ന് യുവാവ് തുറന്നുപറഞ്ഞു. കോഴിയെവിറ്റ് കിട്ടുന്ന പൈസ കൊണ്ട് വയറുനിറയെ ഭക്ഷണം കഴിക്കുക എന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ ഒരു കട്ടൻ ചായ മാത്രം കുടിച്ചതാണ്. പിന്നെ ഒന്നും കഴിച്ചിട്ടില്ല. വിശന്നിട്ടാണ് സാറേ എന്ന് പറഞ്ഞ് യുവാവ് കരഞ്ഞത് പൊലീസിന്റെയും നാട്ടുകാരുടെയും മനസ്സലിയിച്ചു. തുടർന്ന് സ്റ്റേഷൻ മെസിൽ രാത്രി ഡ്യൂട്ടിയിലുള്ളവർക്ക് കരുതിവെച്ച ഭക്ഷണത്തിൽ ഒരു പങ്കുനൽകി.

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് രാജപുരം പൂടക്കല്ലാണ് താമസം. രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണെന്നും നടന്നാണ് 18 കിലോമീറ്റർ അകലെയുള്ള എടത്തോട് എത്തിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞത്. വിശപ്പ് മാറി സന്തുഷ്ടനായ യുവാവിനെ രാത്രി പൊലീസ് ജീപ്പിൽ വീട്ടിലെത്തിച്ചാണ് വെള്ളരിക്കുണ്ട് പൊലീസ് മടങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *