Your Image Description Your Image Description

മുംബൈ: ഈ മാസം അവസാനം ശ്രീലങ്കക്കെതിരെ ആരംഭിക്കുന്ന ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ഏകദിന പരമ്പരയിൽ നിന്നും വിട്ടു നിന്നേക്കുമെന്നാണ് റിപ്പോർട്ട്. ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിച്ചേക്കും. ഈ സാഹചര്യത്തിൽ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഇന്ത്യക്ക് പുതിയ നായകൻമാരെ കണ്ടെത്തേണ്ടിവരും. ഇന്ത്യൻ പരീശിലകനായി ഗൗതം ഗംഭീർ ഔദ്യോഗികമായി ചുമതലയേൽക്കുന്നതും ശ്രീലങ്കക്കെതിരായ പരമ്പരയിലാവുമെന്നാണ് സൂചന.

ടി20യിൽ ഹാർദ്ദിക് പാണ്ഡ്യ രോഹിത് ശർമയുടെ സ്വാഭാവിക പിൻഗാമിയാകുമെന്നാണ് കരുതുന്നത്. ലോകകപ്പിൽ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദ്ദിക് മികച്ച ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്തതോടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മറ്റൊരു പേരും ഇപ്പോൾ ബിസിസിഐയുടെയോ സെലക്ടർമാരുടെയോ മുന്നിലില്ല. ഏകദിനത്തിൽ ആരെ ക്യാപ്റ്റനാക്കണമെന്ന കാര്യത്തിലും സെലക്ടർമാർ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. കെ എൽ രാഹുലാകും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിക്കുക എന്നാണ് റിപ്പോർട്ട്.

അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിന് മുമ്പ് ഇന്ത്യക്ക് ആറ് ഏകദിനങ്ങൾ മാത്രമെ കളിക്കാനുള്ളു. അതിൽ ശ്രീലങ്കക്കെതിരായ മൂന്നെണ്ണം കഴിഞ്ഞാൽ പിന്നെ അടുത്ത വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടനെതിരെ ആണ് മൂന്ന് മത്സരങ്ങൾ. ശ്രീലങ്കക്കെതിരായ പരമ്പരയിൽ നിന്ന് വിട്ടു നിന്നാൽ രോഹിത്തിനെയും കോലിയെയും അടുത്ത വർഷം മാത്രമെ ഇനി ആരാധകർക്ക് നീല ജേഴ്സിയിൽ കാണാനാകു. ചാമ്പ്യൻസ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും രോഹിത് തന്നെയായിരിക്കും ഇന്ത്യൻ നായകനെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീലങ്കക്കെതിരായ പരമ്പര കഴിഞ്ഞാൽ ഓഗസ്റ്റിൽ ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റിലും മൂന്ന് ടി20യിലും ഇന്ത്യ കളിക്കും. പിന്നാലെ ഒക്ടോബറിൽ ന്യൂസിലൻഡിനെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ കളിക്കും. നവംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നാലു മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കുന്ന ഇന്ത്യ ഡിസംബറിൽ ഓസ്ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയും കളിക്കും.

Leave a Reply

Your email address will not be published. Required fields are marked *