Your Image Description Your Image Description

കൊച്ചി : കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി. പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് തിരികെ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രേഖകളുടെ പരിശോധന രണ്ടു മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. കൂടാതെ കൊച്ചി പിഎംഎൽഎ കോടതിയിലുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടത് എന്നും കൂടി ഉത്തരവിൽ ഉണ്ടായിരുന്നു .

രേഖകൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ്‌ കെ ബാബുവിന്റെ ഉത്തരവ്. പിടിച്ചെടുത്ത രേഖകൾ നിശ്ചിതസമയത്തിനുള്ളിൽ ഫോറൻസിക് പരിശോധനയടക്കം പൂർത്തിയാക്കി തിരികെ നൽകാമെന്ന് ക്രൈംബ്രാഞ്ചുമായി ധാരണ ഉണ്ടാക്കാമല്ലോയെന്നും കോടതി പറഞ്ഞു.

നേരത്തെ പിഎംഎൽഎ കോടതി ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത് . അതേസമയം ഇ ഡി രേഖകൾ വിട്ടുനൽകാനാകില്ലെന്നും ഹർജി തള്ളണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു .

പിഎംഎൽഎ കോടതിയുടെ പരിഗണനയിലുള്ള രേഖകൾ വിട്ടുനൽകണമെന്ന ആവശ്യം ക്രൈംബ്രാഞ്ചിന് ഉന്നയിക്കാനാകില്ലെന്നും ഈ രേഖകൾ കേസുകളുടെ തുടർനടപടികൾക്ക് ആവശ്യമാണെന്നും ഇഡി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് കരുവന്നൂർ ബാങ്ക് ക്രമക്കേട് അന്വേഷിക്കുന്നതിനിടയിൽ ഇ ഡി ഇടപെടുന്നതും രേഖകൾ പിടിച്ചെടുക്കുന്നതും ചെയ്തിരുന്നു . ഇതോടുകൂടി ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് രേഖകൾ വിട്ടുകിട്ടണമെന്ന് ആവശ്യവുമായി വന്നത് .

Leave a Reply

Your email address will not be published. Required fields are marked *