Your Image Description Your Image Description

തിരുവനന്തപുരം: ഹ്യൂമന്‍ സെല്‍ അറ്റ്ലസ് (എച്ച്സിഎ) പദ്ധതിക്ക് ഗവേഷണത്തിനും ചികിത്സാ ആവശ്യങ്ങള്‍ക്കുമായി കോശങ്ങളുടെ പുനര്‍നിര്‍മ്മാണത്തെ സഹായിക്കാനാകുമെന്ന് സെല്ലുലാര്‍ ജനിതകശാസ്ത്ര, സ്റ്റെം സെല്‍ മെഡിസിന്‍ മേഖലയിലെ മുന്‍നിര ശാസ്ത്രജ്ഞയായ സാറാ അമാലിയ ടിക്ക് മാന്‍. രോഗനിര്‍ണയം, നിരീക്ഷണം, ചികിത്സ എന്നിവയില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ വാഗ്ദാനം ചെയ്യാന്‍ ഇതിനാകുമെന്നും അവര്‍ പറഞ്ഞു.

ഇന്ത്യ അക്കാദമി ഓഫ് സയന്‍സസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ഭാഗമായി ബ്രിക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ (ആര്‍ജിസിബി) ‘മാപ്പിംഗ് മോളിക്യൂള്‍സ് ടു സെല്‍സ്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സാറാ അമാലിയ. നിലവില്‍ ഇന്ത്യ അക്കാദമി ഓഫ് സയന്‍സസിലെ രാമന്‍ ചെയറും കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സ്റ്റെം സെല്‍ മെഡിസിന്‍ ചെയറുമാണ് സാറ.

നാഷണല്‍ സയന്‍സസ് ചെയര്‍ പ്രൊഫ. പാര്‍ത്ഥ മജുംദാര്‍, ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ ചന്ദ്രഭാസ് നാരായണ എന്നിവര്‍ സെഷനില്‍ പങ്കെടുത്തു.

മനുഷ്യ ശരീരത്തെയും കോശത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നേടുന്നതിനായി സമഗ്രമായ റഫറന്‍സ് മാപ്പ് സൃഷ്ടിക്കുക എന്നതാണ് എച്ചസിഎയുടെ ദൗത്യമെന്ന് സാറ അമാലിയ ടിക്ക് മാന്‍ പറഞ്ഞു. രോഗനിര്‍ണയം, നിരീക്ഷണം, ചികിത്സ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ആഗോളതലത്തില്‍ ശാസ്ത്രജ്ഞരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഇന്‍റര്‍ ഡിസിപ്ലിനറി ഹ്യൂമന്‍ സെല്‍ മാപ്പിംഗ് പ്രക്രിയ ആണിത്.

മനുഷ്യ കോശങ്ങളുടെ സമഗ്രമായ റഫറന്‍സ് മാപ്പുകള്‍ സൃഷ്ടിക്കുന്നതിനായി 2016-ല്‍ ടീച്ച്മാന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥാപിച്ച കൂട്ടായ്മയാണ് എച്ച്സിഎ. ആരോഗ്യമുള്ള മനുഷ്യകോശത്തിന്‍റെ റഫറന്‍സ് മാപ്പ് സൃഷ്ടിക്കുന്നതില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനകം തന്നെ ഇത് ബയോമെഡിക്കല്‍ മേഖലയില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.

ഈ റഫറന്‍സ് മാപ്പ് ഉപയോഗിച്ച് കോശങ്ങളുടെ ആരോഗ്യകരമായ അവസ്ഥയും രോഗവിവരങ്ങളുമായി താരതമ്യം ചെയ്യാനും എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് വിശദമായി മനസ്സിലാക്കാനും കഴിയുമെന്ന് സാറ പറഞ്ഞു. മനുഷ്യ ശരീരത്തിലേക്ക് വൈറസുകളുടെ വ്യാപനം അറിയാനും അപൂര്‍വ രോഗങ്ങളുടെയും സാധാരണ രോഗങ്ങളുടെയും ജീനുകള്‍ എവിടെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിയാനും മാപ്പിംഗ് സഹായിക്കുന്നതെങ്ങനെയെന്ന് ടിക്ക് മാന്‍ വിശദീകരിച്ചു. ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഒരുമിച്ച് നിര്‍മ്മിക്കുന്ന ഈ പദ്ധതി ബയോ മെഡിക്കല്‍ മേഖലയുടെ പുരോഗതിയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1972 ല്‍ ശാസ്ത്രജ്ഞനായ സിവി രാമന്‍റെ സ്മരണയ്ക്കായി ഇന്ത്യാ ഗവണ്‍മെന്‍റ് രാമന്‍ ചെയര്‍ സ്ഥാപിച്ചു. നോബല്‍ സമ്മാന ജേതാക്കളായ പ്രൊഫ. ജെ. ബി. ഗുഡ്നഫ്, പ്രൊഫ. ഹാരോള്‍ഡ് ഇ വര്‍മസ്, പ്രൊഫ. ബെന്‍ എല്‍ ഫെറിംഗ, പ്രൊഫ. ഡോറോത്തി ഹോഡ്കിന്‍, പ്രൊഫ. ബി.എസ് ബ്ലംബെര്‍ഗ് എന്നിവരുള്‍പ്പെടെയുള്ള പ്രഗത്ഭ ശാസ്ത്രജ്ഞര്‍ മുമ്പ് രാമന്‍ ചെയറില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *