Your Image Description Your Image Description

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് 100 റൺസ് ജയം. ഹരാരെ സ്‌പോർട്‌സ് ക്ലബിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് നേടിയത്. കന്നി സെഞ്ചുറി നേടിയ അഭിഷേക് ശർമയുടെ (47 പന്തിൽ 100) കരുത്തിൽ 234 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. അഭിഷേകിന് പുറമെ റുതുരാജ് ഗെയ്കവാദ് (47 പന്തിൽ 77), റിങ്കു സിംഗ് (22 പന്തിൽ 48) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിൽ സിംബാബ്‌വെ 18.4 ഓവറിൽ 134 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി ആവേശ് ഖാൻ, മുകേഷ് കുമാർ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.

43 റൺസെടുത്ത വെസ്ലി മധെവേരെ മാത്രമാണ് സിംബാബ്‌വെ നിരയിൽ തിളങ്ങിയത്. ബ്രയാൻ ബെന്നറ്റ് (26), ലൂക് ജോങ്‌വെ (33), ജോൺതാൻ കാംപെൽ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ആദ്യ നാല് ഓവറിൽ തന്നെ നാലിന് 46 എന്ന നിലയിലായിരുന്നു സിംബാബ്‌വെ. ഇന്നൊസെന്റ് കയ്യൈ (4), ഡിയോൺ മ്യേസ് (0), സിക്കന്ദർ റാസ (0) എന്നിവർക്കൊന്നും തിളങ്ങാൻ സാധിച്ചില്ല. ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-1ന് ഒപ്പമെത്തി.

മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (2) രണ്ടാം ഓവറിൽ തന്നെ മടങ്ങി. മുസറബാനിക്കായിരുന്നു വിക്കറ്റ്. പിന്നീട് മൂന്നാം വിക്കറ്റിൽ അഭിഷേക് – റുതുരാജ് സഖ്യം 137 റൺസ് കൂട്ടിചേർത്തു. തുടക്കത്തിൽ അഭിഷേക് താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് ട്രാക്കിലായി. ഇടങ്കയ്യൻ ബാറ്ററുടെ ഒരു ക്യാച്ചും സിംബാബ്വെ ഫീൽഡർമാർ വിട്ടുകളഞ്ഞിരുന്നു. തുടർച്ചയായി മൂന്ന് സിക്സുകൾ നേടിയാണ് അഭിഷേക് സെഞ്ചുറി പൂർത്തിയാക്കിയത്. 47 പന്തുകൾ മാത്രം നേരിട്ട താരം എട്ട് സിക്സും ഏഴ് ഫോറും നേടി. 14-ാം ഓവറിലെ അവസാന പന്തിലാണ് 23കാരൻ മടങ്ങുന്നത്.

തുടർന്നെത്തിയ റിങ്കു, റുതുരാജിനൊപ്പം ചേർന്ന് ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ചേർന്നുള്ള സഖ്യം 87 റൺസ് കൂട്ടിചേർത്തു. 47 പന്തുകൾ നേരിട്ട റുതുരാജ് 11 ഫോറും ഒരു സിക്സും നേടി. റിങ്കുവിന്റെ ഇന്നിംഗ്സിൽ അഞ്ച് സിക്‌സും രണ്ട് ഫോറുമുണ്ടായിരുന്നു. നേരത്തെ, ഇന്ത്യ ഒരു മാറ്റവുമായിട്ടാണ് ഇറങ്ങിയത്. ഖലീൽ അഹമ്മദിന് പകരം സായ് സുദർശൻ ടീമിലെത്തി.

 

Leave a Reply

Your email address will not be published. Required fields are marked *